ഗുരുവായൂർ: ഏകാദശി വിളക്കിന്റെ ഭാഗമായി തന്ത്രി വിളക്കിനോടനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം വാദ്യകലാ വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ പഞ്ചവാദ്യ സമർപ്പണം നടന്നു. തന്ത്രി മഠത്തിൽ ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ സാന്നിധ്യത്തിലായിരുന്നു പഞ്ചവാദ്യം. ഇത് രണ്ടാം തവണയാണ് തന്ത്രി വിളക്കിന് വാദ്യകലാ വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ വാദ്യ സമർപ്പണം നടത്തുന്നത്. തിമിലയിൽ നിഥിൻ കൃഷ്ണ, ധിഷ്ണു പ്രശാന്ത് എന്നിവരും വിഷ്ണു പ്രശാന്ത്, കാർത്തിക് കൃഷ്ണ ഗുരുവായൂർ എന്നിവർ മദ്ധളത്തിലും സംഗീത്, അർജ്ജുൻ എന്നിവർ കൊമ്പിലും ഇടക്കയിൽ അതുൽ കൃഷ്ണയും മുണ്ടത്തി ഗിരീഷ്, ജിഷ്ണു പ്രശാന്ത് എന്നിവർ താളവും നൽകിയതോടെ പഞ്ചവാദ്യം വിസ്മയമായി. പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് ജ്യോതിദാസ് ഗുരുവായൂർ, മദ്ദളം ആശാൻ കലാമണ്ഡലം അനന്തകൃഷ്ണൻ, തിമില ആശാൻ കലാനിലയം ജയകൃഷ്ണൻ, കൊമ്പ് ആശാൻ കലാനിലയം വിശ്വനാഥൻ, കലാമണ്ഡലം രതീഷ്, ചവറ കണ്ണൻ, കലാനിലയം അജിത്കുമാർ എന്നിവർ നേതൃത്വം നൽകി.