ഗുരുവായൂര്‍: നഗരസഭയുടെ ആഭിമുഖ്യത്തില്‍ നഗരസഭ പ്രദേശത്തെ 24 സ്കൂളുകളിലെ എല്‍.പി, യു.പി, ഹൈസ്ക്കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളില്‍ നിന്നുളള ഇരുനൂറോളം കുട്ടികള്‍ പ്രതിനിധികളായി പങ്കെടുത്ത കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു. നഗരസഭ ടൗണ്‍ഹാളില്‍ ഹരിതസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എ.എം ഷെഫീര്‍ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷമാരായ ഷൈലജ സുധന്‍, എ.എസ് മനോജ്, ബിന്ദു അജിത് കുമാര്‍, ക്ലീന്‍ സിറ്റി മാനേജര്‍ കെ.എസ് ലക്ഷ്മണന്‍, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എസ് ഹര്‍ഷിദ്, സി കാര്‍ത്തിക, വി.എ ഇംന എന്നിവര്‍ സംസാരിച്ചു. ഐ.ആര്‍.ടി.സി കോര്‍ഡിനേറ്റര്‍ ജെയ്സ്വാമിനാഥന്‍ ഹരിത സഭയില്‍ വിഷയാവതരണം നടത്തി. മാലിന്യ മുക്തം നവകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ദിദിക സി ഹരിത സഭ ഉപസംഹാരം നടത്തി. ജൈവ അജൈവ മാലിന്യശേഖരണ സംസ്കരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഹരിത കര്‍മ്മ സേനാംഗങ്ങളായ കെ. ബി. ലത, പി.എസ് റീന, കെ.എസ് വിജി, പി.കെ സതി എന്നിവര്‍ കൂട്ടികളുമായി അനുഭവങ്ങള്‍ പങ്ക് വച്ചു.
24 സ്കൂളുകളില്‍ നിന്നുമുള്ള പ്രതിനിധികളായ കുട്ടികള്‍ സ്കൂള്‍ പരിസരവും വീടും പൊതു സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയും അതിനായി നടപ്പിലാക്കേണ്ട പദ്ധതികളും അവതരിപ്പിച്ചു. സമ്മേളനാനന്തരം കുട്ടികളുടെ പത്ര സമ്മേളനവും നടത്തി. പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും സ്കൂളുകള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. 2024 മാര്‍ച്ച് 31നകം നഗരസഭ പ്രദേശത്തെ നൂറ് ശതമാനം വീടുകളും സ്ഥാപനങ്ങളും മാലിന്യ പരിപാലനത്തില്‍ പങ്കാളികളാകണമെന്നും ഒരു തരത്തിലുള്ള മാലിന്യം പോലും പൊതു സ്വകാര്യ ഇടങ്ങളിലോ ജലാശയങ്ങളിലോ നിക്ഷേപിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനാണ് കുട്ടികളില്‍ ശുചിത്വാവബോധം സൃഷ്ടിക്കുന്നതിലേക്കായി സംസ്ഥാന സര്‍ക്കാറിന്‍റെ നിര്‍ദ്ദേശാനുസരണം കുട്ടികളുടെ ഹരിത സഭ സംഘടിപ്പിക്കുന്നത്.