Friday, April 4, 2025

മകനെ കൊന്നത് തന്നെ, സി.ബി.ഐയെ പോലും സ്വാധീനിച്ചു; ആരോപണവുമായി ബാലഭാസ്‌കറിന്റെ അച്ഛന്‍

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അര്‍ജുനെ പെരിന്തല്‍മണ്ണയിലെ സ്വര്‍ണക്കവര്‍ച്ചയില്‍ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഗുരുതര ആരോപണവുമായി ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി. തന്റെ മകനെ കൊന്നതാണെന്ന് ഉറപ്പാണെന്നും സി.ബി.ഐ. ഉള്‍പ്പെടെ അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബാലഭാസ്‌ക്കറിന്റെ ഡ്രൈവറായിരുന്ന അര്‍ജുന്‍ മുമ്പ് ഒരു എ.ടി.എം. കവര്‍ച്ച കേസിലും മറ്റൊരു മോഷണക്കേസിലും പ്രതിയായിരുന്നു. ബാലഭാസ്‌ക്കറിന്റെ മരണശേഷമാണ് ഇത് ഞങ്ങള്‍ അറിയുന്നത്. ബാലഭാസ്‌കര്‍ മരിച്ച സമയത്ത് അദ്ദേഹമായിരുന്നു വാഹനമോടിച്ചിരുന്നതെന്നും അതുകൊണ്ട് തനിക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് അര്‍ജുന്‍ എം.എ.സി.ടിയില്‍ കേസ് കൊടുത്തിട്ടുണ്ടെന്നും ഉണ്ണി പറഞ്ഞു.
ബാലഭാസ്‌കറിന്റെ മരണത്തില്‍ സി.ബി.ഐ. അന്വേഷണം നടത്തിയെന്നാണ് പറയുന്നത്. ഞങ്ങള്‍ക്ക് ഇത് സംബന്ധിച്ച് കേട്ടുകേള്‍വി മാത്രമാണുള്ളത്. എന്നാല്‍, എവിടെയും തൊടാതെയുള്ള റിപ്പോര്‍ട്ടാണ് സി.ബി.ഐ. കോടതിയില്‍ നല്‍കിയിട്ടുള്ളതെന്നാണ് അറിഞ്ഞത്. കള്ളക്കടത്ത് സംഘത്തെ സംരക്ഷിക്കാനാണ് അന്വേഷണ സംഘങ്ങള്‍ ശ്രമിക്കുന്നത്. സി.ബി.ഐ. പോലും അവരുടെ സ്വാധീനത്തിന് വഴങ്ങിയെന്നും ഉണ്ണി ആരോപിച്ചു.
ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയത്‌ സ്വര്‍ണക്കടത്ത് സംഘമാണ്. വിഷ്ണു, തമ്പി തുടങ്ങിയ ആളുകളാണ് ഇതിനുപിന്നില്‍. കുറച്ചുകാലം ഇവര്‍ ജയിലിലായിരുന്നു. പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി. രാമന്‍ പിള്ളയാണ് ഇവര്‍ക്ക് വേണ്ടി കേസ് നടത്തുന്നത്. സ്വര്‍ണക്കടത്ത് പോലുള്ള സംഭവങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഇവരെല്ലാം വലിയ പിടിപാടുള്ള ആളുകളാണെന്നും ബാലഭാസ്‌കറിന്റെ പിതാവ് കുറ്റപ്പെടുത്തി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് വീട്ടിലേക്ക് പോകുകയായിരുന്ന ജൂവലറി ഉടമകളെ പെരിന്തല്‍മണ്ണയില്‍ വെച്ച് ആക്രമിച്ച് മൂന്നരക്കിലോ സ്വര്‍ണം അര്‍ജുന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ കവര്‍ന്നത്. ആസൂത്രിതമായി നടന്ന വന്‍കവര്‍ച്ചയില്‍ നേരത്തെ 13 പ്രതികളെ പോലീസ് പിടികൂടിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments