പാവറട്ടി: കൺമുന്നിൽ തലകറങ്ങി വീണ പോലീസുകാരനെ ആശുപത്രിയിലെത്തിക്കാൻ തയാറാകാതിരുന്ന പാവറട്ടി എസ്.എച്ച്.ഒക്ക് സ്ഥലം മാറ്റം. പാവറട്ടി എസ്എച്ച്ഒ കെ.ജി. കൃഷ്ണകുമാറിനെ സ്ഥലം മാറ്റിയത്. ഷുഗർ കുറഞ്ഞ് കാബിനിൽ തലകറങ്ങി വീണ സിവിൽപോലീസ് ഓഫീസർ ഷെഫീക്കിന് അടിയന്തിര പ്രാഥമിക പരിഗണനയോ ചികിത്സയോ നൽകാൻ എസ്.എച്ച്.ഒ തയ്യാറായിരുന്നില്ല. ഫയലുകൾ പരിശോധിക്കുന്നതിൻ്റെ ഭാഗമായാണ് ഷെഫീക്കിനെ എസ്എച്ച്ഒ ക്യാബിനിലേക്ക് വിളിച്ചുവരുത്തിയത്. സംസാരിച്ചു കൊണ്ടിരിക്കുന്ന തിനിടയിൽ ഷുഗർ കുറഞ്ഞത് മൂലം ഇദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ശബ്ദം കേട്ട് പുറത്ത് നിന്നും ഓടിയെത്തിയ എസ്.ഐ യുടെ നേതൃത്വത്തിലുള്ള പൊലീസുകാർ ഷെഫീഖിനെ പാവറട്ടി സാൻജോസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ഷുഗർ കുറഞ്ഞതാണ് കുഴഞ്ഞു വീഴാൻ കാരണമെന്ന് കണ്ടെത്തി. ഗുരുവായൂർ എസ്.എച്ച്.ഒ സി പ്രേമാനന്ദ കൃഷ്ണനെ താൽകാലികമായി പാവറട്ടി സ്റ്റേഷനിലെ അധിക ചുമതല നൽകിയിട്ടുണ്ട്. സഹ പ്രവർത്തകൻ കുഴഞ്ഞുവീണിട്ടും കസേരയിൽ നിന്ന് എഴുന്നേൽക്കുകയോ അസുഖബാധിതനെ ആശുപത്രിയിലെത്തിക്കുകയോ ചെയ്യാതിരുന്നതിനാലാണ് എസ്.എച്ച്.ഒയെ തൃശൂർ എ.ആർ ക്യാമ്പിലേക്ക് മാറ്റിയതെന്നാണ് വിവരം. കുഴഞ്ഞ് വീണ പൊലീസുകാരൻ വീട്ടിൽ വിശ്രമത്തിലാണ്.