Wednesday, November 27, 2024

ഒരുക്കങ്ങൾ പൂർത്തിയായി; ഡിസംബർ 11ന് ഗുരുവായൂർ ഏകാദശി

ഗുരുവായൂർ: ഗുരുവായൂർ ഏകാദശിക്ക് ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ. ഡിസംബർ 11നാണ്  ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ഏകാദശി. ദശമി നാളായ ഡിസംബർ 10നാണ്  ഗജരാജൻ കേശവൻ അനുസ്മരണ ദിനം. ശ്രീഗുരുവായൂരപ്പൻ്റെ പരമഭക്തനും കർണാടക സംഗീത കുലപതിയുമായിരുന്ന സംഗീത കലാനിധി പത്മഭൂഷൺ  ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ഏകാദശി നാദോപാസനയുടെ സ്മരണാർത്ഥം ദേവസ്വം നടത്തി വരുന്ന ചെമ്പൈ സംഗീതോൽസവത്തിൻ്റെ സുവർണ്ണ ജൂബിലി വർഷമാണിത്.  ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾ  വൈവിധ്യമാർന്ന പരിപാടികളോടെ ദേവസ്വം ആസൂത്രണം ചെയ്ത് വരികയാണ്. നാളെ രാവിലെ 7 മുതൽ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ സംഗീതാർച്ചന ആരംഭിക്കും. ഇത്തവണ ചെമ്പൈ സംഗീതോൽസവത്തിൽ പങ്കെടുക്കാൻ 4000 ത്തോളം പേർ അപേക്ഷിച്ചു. ഇവരിൽ യോഗ്യരായ  മൂവായിരത്തോളം പേർക്ക് സംഗീതാർച്ചന നടത്താം. കൂടാതെ തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞർക്കൊപ്പം മൂവായിരത്തോളം സംഗീതോപാസകരും സംഗീതോൽസവത്തിൽ പങ്കെടുക്കും. ഗുരുവായൂർ ഏകാദശിയും ഗീതാ ദിനവുമായ അന്ന് രാവിലെ 7 മുതൽ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ സമ്പൂർണ്ണ ശ്രീമദ് ഗീതാപാരായണം നടക്കും. 

 ഭക്തർക്ക് ദർശനത്തിന് പ്രഥമ പരിഗണന നൽകും.  രാവിലെ 6 മണി മുതൽ 2 വരെ വി.ഐ.പി സ്പെഷ്യൽ ദർശനം അനുവദിക്കില്ല. കൂടാതെ പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം, ചോറൂൺ കഴിഞ്ഞ കുട്ടികൾക്കുള്ള പ്രത്യേക ദർശനം എന്നിവ ഉണ്ടാകില്ല. പ്രാദേശികം, സീനിയർ സിറ്റിസൺ എന്നിവർക്കുള്ള വരി രാവിലെ അഞ്ചിന് അവസാനിപ്പിക്കും. അന്നേ ദിനം വിശേഷാൽ വാദ്യമേളം അരങ്ങേറും.

ഏകാദശി വിഭവങ്ങളോടുകൂടിയ പ്രസാദ ഊട്ട് രാവിലെ 9 മുതൽ തുടങ്ങും. ക്ഷേത്രം അന്ന ലക്ഷ്മി ഹാൾ, അതിനോട് ചേർന്നുള്ള പന്തൽ, ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയം എന്നിവിടങ്ങളിലാണ് പ്രസാദ ഊട്ട്.  ദശമി ദിനത്തിൽ ചെമ്പൈ സംഗീത മണ്ഡപത്തിൽ രാവിലെ 9ന് പഞ്ചരത്ന കീർത്തനാലാപനം അരങ്ങേറും. ദ്വാദശി ദിവസം രാവിലെ 8 വരെ മാത്രമേ ദർശനസൗകര്യം ഉണ്ടാകു. അന്നലക്ഷ്മി ഹാളിനോട് ചേർന്നുള്ള പന്തലിൽ ദ്വാദശി ഊട്ടും ഉണ്ടാകും.ഏകാദശി ദിവസം രാത്രി 12 മുതൽ ക്ഷേത്രം നട രാവിലെ അടക്കുന്നത് വരെ ദ്വാദശി പണം സമർപ്പിക്കാം. ദേവസ്വം ഭരണ സമിതി അംഗങ്ങളായ  മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, സി. മനോജ്, വി.ജി. രവീന്ദ്രൻ, കെ.പി.വിശ്വനാഥൻ , അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

തൃപ്രയാർ ഏകാദശി – 2024 – വീഡിയോ

RELATED ARTICLES
- Advertisment -

Most Popular

Recent Comments