Friday, November 22, 2024

എണ്ണം പറഞ്ഞ 10 ഗോൾ; സന്തോഷ് ട്രോഫിയില്‍ ലക്ഷദ്വീപിന്റെ വലനിറച്ച് കേരളം

കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോള്‍ യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ ജയത്തോടെ ഫൈനല്‍ റൗണ്ട് സാധ്യതകള്‍ സജീവമാക്കി കേരളം. ഗ്രൂപ്പ് എച്ചിലെ മത്സരത്തില്‍ ലക്ഷദ്വീപിനെ മറുപടിയില്ലാത്ത 10 ഗോളുകള്‍ക്കാണ് കേരളം തകര്‍ത്തത്. ആറാം മിനിറ്റില്‍ മുഹമ്മദ് അജ്സലിലൂടെ തുടങ്ങിയ ഗോളടി 89-ാം മിനിറ്റിലെ ഇ. സജീഷിന്റെ ഗോളോടെയാണ് കേരളം അവസാനിപ്പിച്ചത്. ആദ്യ പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ സജീഷ് ഹാട്രിക്കുമായി (37, 78, 89) തിളങ്ങി. അജ്സലും (6, 20), ഗനി അഹമ്മദ് നിഗമും (55, 81) ഇരട്ട ഗോളുകള്‍ നേടി. നസീബ് റഹ്മാന്‍ (9), വി. അര്‍ജുന്‍ (46), മുഹമ്മദ് മുഷ്റഫ് (57) എന്നിവരായിരുന്നു കേരളത്തിന്റെ മറ്റ് സ്‌കോറര്‍മാര്‍. തുടക്കംമുതല്‍ തന്നെ കളിയില്‍ കേരളത്തിന്റെ ആധിപത്യമായിരുന്നു. ആദ്യ മിനിറ്റുകളില്‍ കേരളത്തിന്റെ മുന്നേറ്റങ്ങള്‍ തടയാന്‍ ലക്ഷദ്വീപ് പ്രതിരോധം നന്നായി ബുദ്ധിമുട്ടി. ലക്ഷദ്വീപ് താരങ്ങള്‍ കളിയില്‍ താളംകണ്ടെത്തുന്നതിനു മുമ്പുതന്നെ അജ്സലിലൂടെ കേരളം മുന്നിലെത്തിയിരുന്നു. ലക്ഷദ്വീപിന്റെ കൗണ്ടര്‍ അറ്റാക്കുകള്‍ പോലും അവരുടെ ഹാഫ് താണ്ടാന്‍ അനുവദിക്കാത്ത തരത്തിലായിരുന്നു മത്സരത്തില്‍ കേരളത്തിന്റെ ആധിപത്യം. വലതുവിങ്ങിലൂടെ നിജോയും ഇടതുവിങ്ങിലൂടെ മുഹമ്മദ് അഷ്റഫും ലക്ഷദ്വീപ് ബോക്സിലേക്ക് നിരന്തരം പന്തെത്തിച്ചുകൊണ്ടിരുന്നു. ഗനി അഹമ്മദ് നിഗം പിന്നിലേക്കിറങ്ങി പ്ലേമേക്കര്‍ റോളിലേക്ക് മാറി മത്സരം നിയന്ത്രിക്കുക കൂടി ചെയ്തതോടെ ലക്ഷദ്വീപിന് കാര്യങ്ങള്‍ കടുപ്പമായി. ഇടതുവിങ് ബാക്ക് മുഹമ്മദ് മുഷ്റഫായിരുന്നു വിങ്ങിലൂടെ ബോക്സിലേക്ക് പന്തെത്തിക്കുന്നതില്‍ പ്രധാനി. കേരളം ആക്രമണങ്ങള്‍ കടുപ്പിച്ചതോടെ ബാക്ക്ലൈനില്‍ അഞ്ചു താരങ്ങളെവെച്ച് പ്രതിരോധിക്കാനുള്ള ലക്ഷദ്വീപിന്റെ നീക്കവും ഫലം കണ്ടില്ല. ആദ്യ പകുതിയില്‍ കേരള ഗോള്‍കീപ്പര്‍ ഹജ്മലിനെ ഒരേയൊരു തവണ മാത്രമാണ് ലക്ഷദ്വീപിന് പരീക്ഷിക്കാനായത്. ആദ്യപകുതിയിലുടനീളം നിറഞ്ഞുകളിച്ച കേരളം, ഇടവേളയ്ക്ക് പിരിയുമ്പോള്‍ എതിരില്ലാത്ത നാലു ഗോളിന് മുന്നിലായിരുന്നു.

രണ്ടാം പകുതി തുടങ്ങിയതു തന്നെ കേരളത്തിന്റെ ഗോളോടെയായിരുന്നു. പകരക്കാരനായി വന്ന അര്‍ജുന്റെ കിടിലനൊരു ലോങ് റേഞ്ചര്‍, ലക്ഷദ്വീപ് വലകുലുക്കി. 57-ാം മിനിറ്റിനു ശേഷം ഏകദേശം 20 മിനിറ്റോളം ഗോള്‍ വഴങ്ങാതെ പ്രതിരോധിക്കാനായതു മാത്രമായിരുന്നു മത്സരത്തില്‍ ലക്ഷദ്വീപിന്റെ നേട്ടം. ഞായറാഴ്ച പുതുച്ചേരിക്കെതിരെയാണ് കേരളത്തിന്റെ അവസാന ഗ്രൂപ്പ് മത്സരം.

ചാവക്കാട് ഉപജില്ലാ സ്കൂൾ കലോത്സവം

RELATED ARTICLES
- Advertisment -

Most Popular

Recent Comments