ചാവക്കാട്: കാപ്പ നിയമം പ്രകാരം അന്തര്‍ ജില്ലാ കുറ്റവാളിയെ തുറങ്കലിലടച്ചു. പേരകം വാഴപ്പുള്ളിയിൽ താമസിക്കുന്ന പാലയൂർ സ്വദേശി കറുപ്പം വീട്ടിൽ ഫവാദി(38) നെയാണ് തൃശൂർ ജില്ലാ കളക്ടറുടെ കരുതൽ തടങ്കൽ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തൃശൂർ സിറ്റി ജില്ലാ പോലീസ് കമ്മീഷണർ ആർ ഇളങ്കോയുടെ നിർദേശപ്രകാരം, ഗുരുവായൂർ എ.സി.പി കെ എം ബിജുവിന്റെ നേതൃത്വത്തിൽ ചാവക്കാട് ഇൻസ്പെക്ടര്‍ വി.വി വിമൽ, സിവിൽ പോലീസ് ഓഫീസര്‍മാരായ വൈ.എൻ റോബര്‍ട്ട്, കെ.ആർ ശ്രാവണ്‍, കെ.ജി അനൂപ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. തൃശൂര്‍ സിറ്റി, തൃശൂര്‍ റൂറൽ, പാലക്കാട്, മലപ്പുറം, എറണാംകുളം റൂറൽ എന്നീ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 50 ഓളം കേസ്സുകൾ ഇയാൾക്കെതിരെയുണ്ട്. തൃശൂര്‍ ജില്ലയിലെ അന്തര്‍ ജില്ലാ കുറ്റവാളി കൂടിയായ പ്രതിയാണ് ഫവാദെന്ന് പോലിസ് സർക്കിൾ ലൈവ് ന്യൂസിനോട്പറഞ്ഞു. ഫവാദിന്റെ കേസ്സുകളെല്ലാം തട്ടികൊണ്ട് പോകൽ, പോലീസുകാരെ ആക്രമിക്കുക, മാരകമായ ആയുധം ഉപയോഗിച്ച് ആക്രമിക്കുക, ദേഹോപദ്രവം ഏൽപ്പിക്കുക, മോഷണം നടത്തുക, ഭീഷണിപ്പെടുത്തുക, വീട്ടിലേക്ക് അതിക്രമിച്ച് കയറുക, കളവ് നടത്തുക, സംഘം ചേര്‍ന്ന് ആക്രമിച്ച് പരിക്കേൽപ്പിക്കുക, ആസിഡ് സ്പ്രേ ഉപയോഗിച്ച് ഗുരുതര പരിക്കേൽപ്പിക്കുക, കവര്‍ച്ച നടത്തുക തുടങ്ങിയ പൊതുസമാധാനത്തിനും പൊതുസുരക്ഷക്കും ഭീഷണിയുണ്ടാക്കുന്നതായ കുറ്റകൃത്യങ്ങളിൽ നിരന്തരം ഏർപ്പെട്ട് പൊതുസമാധാനത്തിനും, പൊതുസുരക്ഷക്കും കടുത്ത ഭീഷണിയായി തീർന്നിട്ടുളള വ്യക്തിയായതിനാലുമാണ് ഫവാദിനെതിരെ ‘കുപ്രസിദ്ധ റൗഡി’ എന്ന ഗണത്തിൽ ഉൾപ്പെടുത്തി തൃശൂര്‍ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടര്‍ ഉത്തരവിട്ടത്. ക്രിമിനൽ കേസുകളിൽ പ്രതിയായവർക്കെതിരെ തൃശ്ശൂർ സിറ്റി കമ്മീഷണറുടെ നേതൃത്വത്തിൽ ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്. ഗുരുവായൂർ സബ് ഡിവിഷനിൽ ചാവക്കാട് പോലീസ് സ്റ്റേഷനിൽ മാത്രമായി ഈ വര്‍ഷം മാത്രമായി പതിനഞ്ചാമത്തെ വ്യക്തിക്ക് എതിരെയാണ് കാപ്പ ചുമത്തുന്നത്.
ചാവക്കാട് ഉപജില്ലാ കലോത്സവം ലൈവായി കാണാം