തൃശ്ശൂർ: റെയിൽവേ സ്റ്റേഷൻ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽനിന്ന് 10 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. ഇന്നലെ റെയിൽവേ പോലീസും കേരള പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് സഞ്ചിയിൽ പൊതിഞ്ഞുസൂക്ഷിച്ചനിലയിൽ കഞ്ചാവ് കണ്ടെത്തിയത്. ഏകദേശം എട്ടുലക്ഷം രൂപ വിലവരുന്ന കഞ്ചാവാണ് പിടികൂടിയത്. രണ്ടാമത്തെ പ്ലാറ്റ്ഫോമിലെ തെക്കേയറ്റത്തുള്ള എസ്കലേറ്ററിനു സമീപമാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആൾസഞ്ചാരം കുറഞ്ഞ ഈ പ്രദേശത്തിനു സമീപം പോലീസ് തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായിരുന്നില്ല. ധൻബാദ് എക്സ്പ്രസ് വന്നുപോയശേഷം നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവാണ് ഇതെന്നും പോലീസിനെക്കണ്ടപ്പോൾ കൊണ്ടുവന്നവർ രക്ഷപ്പെട്ടതാകാമെന്നും അന്വേഷണസംഘം പറഞ്ഞു.