ഹെൽപ്പേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു ചാവക്കാട് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
ചാവക്കാട്: വിവിധ ആവശ്യങ്ങളുന്നയിച്ച് അംഗൻവാടി വർക്കേഴ്സ് ആൻ്റ് ഹെൽപ്പേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് സിവിൽ സ്റ്റേഷൻ മുന്നിൽ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ഐ.സി.ഡി.എസിനെ ദുർബലപ്പെടുത്താനുള്ള നടപടികളിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറുക, കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, അംഗൻവാടി ജീവനക്കാരുടെ പ്രതിമാസ വേതനം 26,000 രൂപയും പ്രതി മാസപെൻഷൻ 10,000 രൂപയുമാക്കുക, കുട്ടികളിലെ പോഷകാഹാരകുറവ് സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക, ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ ആധാർ ലിങ്ക് ചെയ്യണമെന്ന നിബന്ധന ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ടാണ് സമരം സംഘടിപ്പിച്ചത്. സി.ഐ.ടി.യു ചാവക്കാട് ഏരിയ പ്രസിഡന്റ് കെ.എം അലി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് പ്രിയ മനോഹരൻ അധ്യക്ഷത വഹിച്ചു. യൂണിയൻ ഏരിയ സെക്രട്ടറി രമണി സുരേന്ദ്രൻ, ഉഷ സുനീഷ്, സുനിത ശശി എന്നിവർ സംസാരിച്ചു.