Wednesday, November 13, 2024

ഏകാദശി, മണ്ഡലകാലം; ഗുരുവായൂരിൽ കൂടുതൽ പോലീസുകാരെ നിയമിക്കണമെന്നാവശ്യം ശക്തം

ഗുരുവായൂർ: മണ്ഡലകാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഗുരുവായൂർ നഗരത്തിലെ ക്രമസമാധാന പാലനത്തിനായി കൂടുതൽ പോലീസുകാരെ നിയമിക്കണമെന്നാവശ്യം ശക്തമാകുന്നു. ദിനംപ്രതി 10000 കണക്കിന് ഭക്തരാണ് ഗുരുവായൂർ നഗരത്തിൽ മാത്രമെത്തുന്നത്. 

എന്നാൽ ഇവരുടെയെല്ലാം സുരക്ഷാ ചുമതലക്കായി ക്ഷേത്രനഗരി ഉൾപ്പെടുന്ന ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിൽ 30 താഴെ പോലീസുകാർ മാത്രമാണ് ഇപ്പോൾ ഡ്യൂട്ടിക്കുള്ളത്. ആവശ്യമായ പോലീസ് വാഹനവും ഇവിടെയില്ല. ഗുരുവായൂർ ഏകാദശി കൂടി ആരംഭിച്ചതോടെ ക്ഷേത്രനഗരിയിൽ വൻ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഇതിനിടയിൽ മോഷ്ടാക്കളുടെ ഭീഷണിയും വ്യാപകമാണ്. ഈയിടെയായി ഗുരുവായൂർ നഗരത്തിൽ മോഷണം വ്യാപകമായിട്ടുണ്ട്. ക്ഷേത്രദർശനത്തിനെത്തുന്ന സ്ത്രീകളായ ഭക്തരെയാണ് മോഷ്ടാക്കൾ കൂടുതലും ലക്ഷ്യമിടുന്നത്. ബൈക്കിലെത്തി മാല പൊട്ടിച്ച് കടന്നു കളയുന്ന സംഭവം ഇവിടെ പതിവായിട്ടുണ്ട്. ഇതിനെല്ലാം പരിഹാരമാകണമെങ്കിൽ ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിൽ പോലീസുകാരുടെ എണ്ണം വർദ്ധിപ്പിക്കണം. എന്നാൽ ചുരുക്കം പോലീസുകാർ മാത്രമുള്ള ഇവിടെ ക്രമസമാധാന പാലനവും ഭക്തരുടെ സുരക്ഷയും ട്രാഫിക് നിയന്ത്രണവും തുടങ്ങി എല്ലാ കാര്യങ്ങളും പോലീസിന്റെ ചുമലിലാണ്. കൂടാതെ ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തുന്ന വി.ഐ.പിയുടെ സുരക്ഷയ്ക്കും പോലീസ് ഉണ്ടാകണം. ഇതിനെല്ലാം ആവശ്യമായ പോലീസ് അംഗബലം ഇവിടെയില്ലെന്നാണ് സർക്കിൾ ലൈവ് ന്യൂസ് അന്വേഷണത്തിൽ മനസ്സിലായത്. ശബരിമല സീസൺ ആരംഭിക്കാനിരിക്കെ ക്രമസമാധാനത്തിനായി സർക്കാർ ഉത്തരവ് പ്രകാരം ഇവിടെ സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയോഗിക്കുന്നുണ്ട്. ഇതിനായി 25 വയസ്സിനും 50 വയസ്സിനും മദ്ധ്യേ പ്രായയുള്ള പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയും കായിക ക്ഷമതയുമുള്ള യുവതി യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ഇത് പോലീസ് സേനക്ക് നേരിയ ആശ്വാസമാണെങ്കിലും ദിനംപ്രതി 10000 കണക്കിന് ഭക്തരെത്തുന്ന ഗുരുവായൂരിൽ സ്ഥിരമായി കൂടുതൽ പോലീസുകാരെ നിയോഗിക്കേണ്ടത് അത്യാവശ്യമാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments