Sunday, November 24, 2024

പരസ്യപ്രചാരണം കഴിഞ്ഞിട്ടും എല്‍.ഡി.എഫ് നേതാക്കള്‍ ചേലക്കരയിൽ തുടരുന്നതായി കോണ്‍ഗ്രസ് പരാതി

തൃശൂര്‍: പരസ്യപ്രചാരണം കഴിഞ്ഞിട്ടും എല്‍.ഡി.എഫ്. നേതാക്കള്‍ ചേലക്കര മണ്ഡലത്തിന്റെ പരിധിയില്‍ അനധികൃതമായി താമസിക്കുന്നുവെന്ന് കോണ്‍ഗ്രസിന്റെ പരാതി. ജില്ലാ പോലീസ് മേധാവിക്കും കളക്ടര്‍ക്കുമാണ് പരാതി നല്‍കിയിരിക്കുന്നത്. മണ്ഡലത്തില്‍ താമസിക്കുന്ന നേതാക്കളെ കസ്റ്റഡിയില്‍ എടുത്ത് മണ്ഡലത്തിന് പുറത്താക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ടി.എന്‍ പ്രതാപനാണ് പരാതി നല്‍കിയത്. പരസ്യപ്രചാരണം കഴിഞ്ഞാല്‍ വോട്ടര്‍മാരും സ്ഥാനാര്‍ഥികളും ഒഴികെ ഒരാളും മണ്ഡലത്തില്‍ ഉണ്ടാകാന്‍ പാടില്ലെന്ന വ്യവസ്ഥ ചേലക്കരയില്‍ ലംഘിക്കപ്പെട്ടിരിക്കുന്നുവെന്ന് പരാതിയില്‍ പറയുന്നു. സി.പി.എമ്മിലേയും എല്‍.ഡി.എഫിലേയും മുതിര്‍ന്ന നേതാക്കള്‍ ചേലക്കരയില്‍ പരസ്യമായും രഹസ്യമായും താമസിച്ചുവരുന്നു. വീടുകളിലും ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ഇവര്‍ താമസിക്കുന്നുണ്ട്. ഇത് അതീവ ഗുരുതരമായ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണെന്നും ഇതില്‍ അടിയന്തര ഇടപെടലുണ്ടാവണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
നേതാക്കള്‍ മണ്ഡലത്തില്‍ തുടരുന്നത് സ്വതന്ത്രമായ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വോട്ടര്‍മാര്‍ക്ക്‌ പണം വിതരണം ചെയ്യാനുള്ള ഗൂഢാലോചനയുണ്ടോയെന്നും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാരെ ഭരണസംവിധാനം ഉപയോഗിച്ച് സ്വാധീനിക്കാനാണോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു. വിഷയം വളരെ ഗുരുതരമാണെന്നും പരാതിയില്‍ പറയുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments