ഗുരുവായൂർ: കുടുംബ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിന് കുടുംബാംഗങ്ങൾ തമ്മിൽ വട്ടമേശ സമ്മേളനങ്ങൾ ഉണ്ടാവണമെന്നും ഗാന്ധിജി അതിനു കൊടുത്ത പ്രാധാന്യവും ഇതിന്റെ വെളിച്ചത്തിൽ ആയിരുന്നെന്നും വാഗ്മിയും ചിന്തകനുമായ വി.കെ സുരേഷ്ബാബു പറഞ്ഞു. കണ്ണിൽ നോക്കി സംസാരിക്കുമ്പോൾ ഉള്ളിലെ ആശയങ്ങൾ പുറത്ത് വരികയും കുട്ടികളിലും മാതാപിതാക്കളിലും ഇത് ഏറെ സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൈതൃകം ഗുരുവായൂരിന്റെ കുടുംബസംഗമത്തിന്റെ ഭാഗമായി നടന്ന വൈജ്ഞാനിക സദസ്സിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രുഗ്മിണി കല്ല്യാണമണ്ഡപം ഹാളിൽ നടന്ന കുടുംബസംഗമം ഡോ. പി.എ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പൈതൃകം പ്രസിഡന്റ് അഡ്വ. സി രാജാഗോപാലൻ അധ്യക്ഷത വഹിച്ചു.
നാൽപ്പതാം വിവാഹവാർഷികം ആഘോഷിക്കുന്ന ശ്രീധരൻ നമ്പ്യാർ, വത്സല നമ്പ്യാർ എന്നിവരെയും പിറന്നാൾ ആഘോഷിക്കുന്ന ജി.എസ് അജിത്, അനിത ദമ്പതികൾ, സ്കൂൾ കലോത്സവ വേദികളിൽ മികവ് പുലർത്തിയ ജഗൻ ശ്യാംലാൽ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
ആദ്ധ്യാത്മിക പ്രഭാഷകൻ ആർ നാരായണൻ, കോർഡിനേറ്റർ അഡ്വ. രവി ചങ്കത്ത്, സെക്രട്ടറി മധു കെ നായർ, കൺവീനർമാരായ മണലൂർ ഗോപിനാഥ്, മുരളി അകമ്പടി, എ.കെ ദിവാകരൻ, കെ മോഹനകൃഷ്ണൻ, ജയൻ കെ മേനോൻ, ഹരിദാസ് കുളവിൽ, പ്രഹ്ലാദൻ മാമ്പറ്റ് എന്നിവർ സംസാരിച്ചു.