Saturday, November 23, 2024

ഗുരുവായൂർ ക്ഷേത്രം; ഏകാദശി വിളക്കുകൾ നാളെ തുടങ്ങും

ഗുരുവായൂർ: ക്ഷേത്രത്തിൽ തിങ്കളാഴ്ച ഏകാദശിവിളക്കുകൾ തെളിയും. ഡിസംബർ 11-നാണ് ഏകാദശി. അതിനു മുന്നോടിയായി വ്യക്തികൾ, പുരാതന കുടുംബങ്ങൾ, വിവിധ സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവയുടെ വകയായി ഒരു മാസം മുൻപ് നടത്തുന്നതാണ് ഏകാദശി വിളക്കുകൾ.
പാലക്കാട് പറമ്പോട്ട് അമ്മിണി അമ്മയുടെ വകയാണ് വളരെക്കാലമായി ആദ്യത്തെ വിളക്ക്. ചൊവ്വാഴ്ച ഗുരുവായൂർ ദേവസ്വം വക ഉദയാസ്തമയപൂജയുണ്ടാകും. തുലാമാസ ഏകാദശി വരുന്ന ദിവസമായതിനാലാണ് അന്ന് ഉദയാസ്തമയപൂജ നടത്തുന്നത്.

ക്ഷേത്രത്തിൽ വാദ്യമേളങ്ങളോടെയുള്ള എഴുന്നള്ളിപ്പുകളും ക്ഷേത്രത്തിനുപുറത്ത് പകൽ നീളുന്ന കലാപരിപാടികളുമായുള്ള ആഘോഷങ്ങൾ 15-ന് തപാൽവിളക്കോടെ ആരംഭിക്കും. 17-ന് മുൻസിഫ് കോടതി, 18-ന് പോലീസ്, 18-ന് ജി.ജി. കൃഷ്ണയ്യർ, 22-ന് ഗുരുവായൂർ മർച്ചന്റ്‌സ് അസോസിയേഷൻ, 23-ന് കനറാ ബാങ്ക്, 24-ന് സ്റ്റേറ്റ് ബാങ്ക് എന്നിവയുടെ വിളക്കുകൾ ആഘോഷിക്കും.

നാണു എഴുത്തച്ഛൻ ആൻഡ് സൺസ് വിളക്ക് 25-നും ക്ഷേത്രം പത്തുകാരുടെ വിളക്ക് 28-നും തന്ത്രിവിളക്ക് 30-നുമാണ്. ഡിസംബർ രണ്ടിന് ദേവസ്വം പെൻഷനേഴ്‌സ് അസോസിയേഷൻ വക വിളക്കാണ്. പാരമ്പര്യ കുടുംബങ്ങളുടെ വിളക്കുകൾ ഡിസംബർ അഞ്ചു മുതൽ ഒൻപതുവരെയാണ്.

കപ്രാട്ട് കുടുംബത്തിന്റെ പഞ്ചമിവിളക്ക്, മാണിക്കത്ത് കുടുംബത്തിന്റെ ഷഷ്ടി വിളക്ക്, നെൻമിനി മനയുടെ സപ്തമി വിളക്ക്, പുഴിക്കിഴെ വാരിയത്ത് കുടുംബത്തിന്റെ അഷ്ടമിവിളക്ക്, കൊളാടി കുടുംബത്തിന്റെ നവമിവിളക്ക് എന്നിവയാണ് പാരമ്പര്യ കുടുംബവിളക്കുകൾ.

10-ന് ദശമിവിളക്കാഘോഷം ശ്രീഗുരുവായൂരപ്പൻ സങ്കീർത്തനട്രസ്റ്റിന്റെ വകയാണ്. 11-ന് ഏകാദശി ചുറ്റുവിളക്ക് ഗുരുവായൂർ ദേവസ്വത്തിന്റെ വകയും. ക്ഷേത്രത്തിൽ അഷ്ടമിവിളക്കു മുതൽ ഗുരുവായൂരപ്പൻ സ്വർണക്കോലപ്രഭയിലായിരിക്കും എഴുന്നള്ളുക. ഏകാദശിയോടനുബന്ധിച്ചുള്ള ചെമ്പൈ സംഗീതോത്സവം 26-ന് ആരംഭിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments