Saturday, November 9, 2024

ശാന്തിമഠം വില്ല തട്ടിപ്പ്; ഒളിവിൽ കഴിഞ്ഞിരുന്ന ഒരു പ്രതി കൂടി പിടിയിൽ

ഗുരുവായൂർ: ശാന്തിമഠം വില്ല തട്ടിപ്പ് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ശാന്തിമഠം ബിൽഡേഴ്‌സ് ആൻ്റ് ഡെവലപ്പേഴ്‌സ് മാനേജിങ് പാർട്ണർ നോർത്ത് പറവൂർ തെക്കേ നാലുവഴി ശാന്തിമഠം വീട്ടിൽ രഞ്ജിഷ(48) യെയാണ്  തൃശൂർ സിറ്റി സ്‌ക്വാഡും ഗുരുവായുർ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഗുരുവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ശാന്തിമഠം വില്ല പ്രൊജക്റ്റ് എന്ന പേരിൽ വില്ലകൾ നിർമിച്ചു കൊടുക്കുന്ന പ്രൊജക്റ്റ് ആരംഭിക്കുകയും നിക്ഷേപരിൽ നിന്നും പണം വാങ്ങിയതിന് ശേഷം വില്ല നിർമ്മാണം പൂർത്തിയാക്കാതെ വഞ്ചിക്കുകയും ചെയ്തതിനെ തുടർന്ന് 2012 -2018 വർഷങ്ങളിൽ ഗുരുവായൂർ പോലീസ് സ്റ്റേഷനിൽ  100 ലധികം കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. അതിൽ 35 ലധികം കേസുകളിൽ രഞ്ജിഷ പ്രതിയായി അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിചിരുന്നു. വിചാരണക്ക് കോടതിയിൽ ഹാജരാകാതെ  പോലീസിനെയും കോടതിയെയും കബളിപ്പിച്ചു ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടി കൂടുന്നതിനായി കോടതി വാറന്റ് ഉത്തരവ് പുറപ്പെടുവിച്ചതോടെ തൃശൂർ സിറ്റി പോലീസ് കമ്മിഷണർ ആർ ഇളങ്കോയുടെ നിർദേശാനുസരണം ഗുരുവായൂർ അസിസ്റ്റന്റ് പോലീസ്  കമ്മീഷണർ കെ.എം ബിജു, തൃശൂർ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ കെ സുഷീർ എന്നിവരുടെ  നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പാലക്കാട് കൊല്ലംകോട് നിന്നാണ് പിടികൂടിയതെന്ന് പോലീസ് സർക്കിൾ ലൈവ് ന്യൂസിനോട് പറഞ്ഞു. കേസിൽ മറ്റൊരു പ്രതിയായ രാകേഷ് മനുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഗുരുവായൂർ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ സി പ്രേമാനന്ദകൃഷ്ണൻ, സബ് ഇൻസ്‌പെക്ടർമാരായ ശരത് സോമൻ, കെ.എം നന്ദൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ ജാൻസി, സിവിൽ പോലീസ് ഓഫീസർ റെനീഷ്, സിറ്റി സ്‌ക്വാഡ് അംഗങ്ങളായ സബ് ഇൻസ്‌പെക്ടർ റാഫി, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പളനിസാമി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രദീപ് കുമാർ, സജി ചന്ദ്രൻ, സിവിൽ പോലീസ് ഓഫീസർമാരായ സിംപ്സൺ, അരുൺ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments