തിരുവനന്തപുരം: പട്ടികജാതി-പട്ടികവർഗ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയായിരുന്ന എൻ. പ്രശാന്ത് ജോലിക്ക് ഹാജരാകാതെ ‘വ്യാജ ഹാജർ’ രേഖപ്പെടുത്തിയെന്ന് ഉൾപ്പെടെയുള്ള കണ്ടെത്തലുമായി അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലകിന്റെ റിപ്പോർട്ട്.
ഇല്ലാത്ത യോഗങ്ങൾ കാണിച്ച് ‘ഓൺ ഡ്യൂട്ടി’ എടുക്കുന്നതായിരുന്നു പ്രശാന്തിന്റെ ശീലം. മാസത്തിൽ പത്തുദിവസംപോലും ഓഫീസിലെത്താത്ത സ്ഥിതിയുണ്ടായിരുന്നെന്നും മുഖ്യമന്ത്രിക്കു നൽകിയ റിപ്പോർട്ടിലുണ്ട്.
പ്രശാന്ത്, പട്ടികവിഭാഗ പദ്ധതി നിർവഹണത്തിനുള്ള ‘ഉന്നതി’യുടെ സി.ഇ.ഒ. ആയിരിക്കെ സുപ്രധാന ഫയലുകൾ കാണാതായെന്ന വിവരം മറ്റൊരു റിപ്പോർട്ടായി മുഖ്യമന്ത്രിക്ക് ലഭിച്ചിരുന്നു.
ഒരുവർഷത്തെ ഹാജർകണക്കുസഹിതമാണ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട്. സെക്രട്ടേറിയറ്റിലെ ഓഫീസിൽ പലദിവസങ്ങളിലും പ്രശാന്ത് ഉണ്ടാകാറില്ല. പലമാസങ്ങളിലും പത്തിൽത്താഴെയാണ് ഹാജർ. മറ്റുദിവസങ്ങൾ ‘ഉന്നതി’യുടെ ഡ്യൂട്ടിയായാണ് കാണിച്ചത്. കണ്ണൂർ, ഇടുക്കി ജില്ലകളിലെ ആദിവാസി മേഖലകളിലെ യോഗങ്ങളുടെ പേരിലാണ് ‘ഓൺഡ്യൂട്ടി’ അപേക്ഷ. എന്നാൽ, ഈ ദിവസങ്ങളിൽ അത്തരം യോഗം നടന്നില്ലെന്നതിന്റെ ഫീൽഡ് റിപ്പോർട്ട് അഡീഷണൽ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് നൽകി.