തിരുവനന്തപുരം: മതാടിസ്ഥാനത്തിലെ വാട്‌സാപ്പ് ഗ്രൂപ്പ് സംഭവത്തിൽ കുഴപ്പത്തിലായി വ്യവസായ-വാണിജ്യ ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ. ഗോപാലകൃഷ്ണന്റെ ഫോണിൽ പ്ലേ സ്റ്റോറിൽനിന്നല്ലാത്ത ആപ്ലിക്കേഷനുകൾ ഉപയോഗിച്ചിട്ടില്ലെന്ന് ഗൂഗിൾ പോലീസിനെ അറിയിച്ചു. ഫോൺ മറ്റിടങ്ങളിൽനിന്ന് നിയന്ത്രിക്കപ്പെട്ടിട്ടില്ലെന്ന് ഇന്റർനെറ്റ് സേവനദാതാവും മറുപടി നൽകിയിട്ടുണ്ട്.
ഇതോടെ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയത് ഫോൺ ഹാക്ക് ചെയ്താണെന്ന ഗോപാലകൃഷ്ണന്റെ വാദം പൊളിഞ്ഞു. ‘മല്ലു ഹിന്ദു ഓഫീസേഴ്‌സ് ഗ്രൂപ്പ്’ ആരംഭിച്ചതിനുപിന്നാലെയായിരുന്നു മല്ലു മുസ്‌ലിം ഓഫീസേഴ്‌സ് എന്ന ഗ്രൂപ്പ് തുടങ്ങിയത്.
ആദ്യഗ്രൂപ്പിൽ അംഗങ്ങളായവരിൽ ചിലർ അദ്ദേഹത്തെ ഫോണിൽ വിളിച്ച് സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയിരുന്നു. തുടർന്നാണ് തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്നും 11 വാട്‌സാപ്പ് ഗ്രൂപ്പുകൾ ആരംഭിച്ചതായി മനസ്സിലാക്കിയെന്നും ഐ.എ.എസ്. ഉദ്യോഗസ്ഥർക്ക് സന്ദേശമയച്ചത്. തുടർന്ന് ഗ്രൂപ്പ് ഡിലീറ്റ് ചെയ്യുകയുമുണ്ടായി.
ഇതിനുപിന്നാലെയാണ് ‘മല്ലു മുസ്‌ലിം ഓഫീസേഴ്‌സ്’ എന്ന ഗ്രൂപ്പുണ്ടായത്. അബദ്ധം മനസ്സിലാക്കിയശേഷം തന്റെ വാദം സാധൂകരിക്കാനായാണ് രണ്ടാമത്തെ ഗ്രൂപ്പ് തുടങ്ങിയതെന്നാണ് കരുതുന്നത്.
ആദ്യഗ്രൂപ്പ് തുടങ്ങിയതിനുപിന്നാലെ ഗ്രൂപ്പിന്റെ സ്‌ക്രീൻഷോട്ട് ഒരു കേന്ദ്ര ഉദ്യോഗസ്ഥന് അയച്ചെന്നും പോലീസിന് വിവരംലഭിച്ചിരുന്നു. സ്വകാര്യനേട്ടത്തിനുവേണ്ടിയായിരുന്നു ഇതെന്ന സംശയവുമുണ്ട്. സംഭവംനടന്ന് രണ്ടുദിവസത്തിനുശേഷംമാത്രമാണ് തന്റെ ഫോൺ ഹാക്ക്ചെയ്തെന്നുകാട്ടി കെ. ഗോപാലകൃഷ്ണൻ പോലീസിൽ പരാതി നൽകിയത്.