കുന്നംകുളം: കുന്നംകുളത്ത് ദമ്പതികൾ നടത്തുന്ന വഴിയോര തട്ടുകട സാമൂഹ്യ ദ്രോഹികൾ അടിച്ച് തകർത്തു. കുന്നംകുളം തിരുത്തിക്കാട് റോഡിൽ കക്കാട് പൂമരത്തിന് സമീപം ദമ്പതികളായ ജിത്തുവും അലീനയും നടത്തുന്ന വഴിയോര തട്ടുകടയാണ് സാമൂഹ്യ വിരുദ്ധർ അടിച്ച് തകർത്തത്. മേശകളും കസേരകളും ഗ്യാസ് സ്റ്റൗവും ഭക്ഷണങ്ങൾ സൂക്ഷിക്കുന്ന അലമാരയും പാത്രങ്ങളും അടക്കം കടയിലെ മുഴുവൻ സാധനങ്ങളും അടിച്ച് തകർത്ത് സമീപത്തെ പാടശേഖരത്തിലേക്ക് വലിച്ചെറിഞ്ഞ നിലയിലാണ്. കടയുടെ ബോർഡുകളും അക്രമികൾ നശിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രി കട അടച്ചതിന് ശേഷമാണ് ആക്രമണം നടന്നത്. വഴിയാത്രികരിൽ ചിലരാണ് കട പൂർണ്ണമായും തകർത്ത നിലയിലാണെന്ന് ജിത്തുവിനെ വിളിച്ചറിയിച്ചത്. ദിവസങ്ങൾക്ക് മുൻപ് കട പ്രവർത്തിക്കുന്നത് മൂലം പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ച് കുന്നംകുളം മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരെത്തി കട അടച്ച് പൂട്ടാൻ ജിത്തുവിനോട് ആവശ്യപ്പെട്ടിരുന്നു. നഗരസഭയിൽ നിന്നടക്കം വഴിയോര കച്ചവടക്കാർക്കുള്ള വായ്പ എടുത്താണ് ദമ്പതികൾ കട നടത്തുന്നത്. നഗരത്തിരക്കിൽ നിന്ന് മാറി തിരുത്തിക്കാട് പാടശേഖരത്തിന് സമീപം പ്രവർത്തിക്കുന്ന വഴിയോര തട്ടുകട ചെറുപ്പക്കാരായ ദമ്പതികൾ നടത്തുന്നു എന്ന പ്രത്യേകത കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ ഏറെ ആരാധകരെയും നേടിയിരുന്നു. ആകെയുള്ള ഉപജീവന മാർഗ്ഗം തകർന്നതോടെ ഇനിയെന്ത് ചെയ്യണമെന്നറിയാതെ കഴിയുകയാണ് ദമ്പതികൾ.