ചാവക്കാട്: കാപ്പ നിയമം പ്രകാരം ചാവക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ റൗഡിയെ 6 മാസക്കാലത്തേക്ക് നാടു കടത്തി. തിരുവത്ര അയോദ്ധ്യാനഗര്‍ പീടികപറമ്പിൽ വീട്ടിൽ സുവീഷ് (35) നെയാണ് തൃശൂർ സിറ്റി ജില്ലാ പോലീസ് കമ്മീഷണർ ആർ ഇളങ്കോയുടെ നിർദേശപ്രകാരം ഗുരുവായൂർ എ.സി.പി കെ. എം ബിജുവിന്റെ നേതൃത്വത്തിൽ ചാവക്കാട് ഇൻസ്പെക്ടര്‍ വി.വി വിമൽ, എസ്.ഐ കെ.വി വിജിത്ത് എന്നിവര്‍ തൃശൂർ ജില്ലയിൽ നിന്നും 6 മാസ കാലയളവിൽ നാടു കടത്തിയത്. ചാവക്കാട്, പാവറട്ടി, വടക്കേക്കാട് എന്നീ പോലീസ് സ്റ്റേഷനുകളിൽ കുറ്റകരമായ നരഹത്യാശ്രമം, ആളുകളെ ദേഹോപദ്രവം ഏൽപ്പിക്കുക, അസഭ്യം പറയുക തുടങ്ങിയ പൊതുസമാധാനത്തിനും പൊതുസുരക്ഷക്കും ഭീഷണിയുണ്ടാക്കുന്ന ആളാണെന്നും ‘അറിയപ്പെടുന്ന റൗഡി’ എന്ന ഗണത്തിൽ ഉൾപ്പെടുത്തിയാണ് സുവീഷിനെതിരെ നടപടിയെടുത്തത്. ക്രിമിനൽ കേസുകളിൽ പ്രതിയായവർക്കെതിരെ തൃശ്ശൂർ സിറ്റി കമ്മീഷണറുടെ നേതൃത്വത്തിൽ ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്. ഗുരുവായൂർ സബ് ഡിവിഷനിൽ ചാവക്കാട് പോലീസ് സ്റ്റേഷനിൽ മാത്രമായി 14-ാമത്തെവ്യക്തിക്ക് എതിരെയാണ് കാപ്പ ചുമത്തുന്നത്. മയക്കുമരുന്ന് – ക്രിമിനൽ കേസുകളിൽ പ്രതിയാകുന്നവർക്കെതിരെ കാപ്പ ഉൾപ്പെടെയുള്ള ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതാണെന്ന് തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.