പാലക്കാട്: കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച പാലക്കാട് കെ.പി.എം ഹോട്ടലില്‍ കഴിഞ്ഞ ദിവസം നടന്ന റെയ്ഡ് ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. എന്നാല്‍, കള്ളപ്പണ ഇടപാടിനെ സംബന്ധിച്ച അന്വേഷണം പോലീസ് ഉചിതമായ രീതിയിലല്ല നടത്തിയതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
വാര്‍ത്ത പുറത്തുവന്ന് അരമണിക്കൂറിന് ശേഷമാണ് അഞ്ചുമിനിറ്റുകൊണ്ട് എത്താവുന്ന പോലീസ് എത്തിയത്. സ്റ്റേഷനില്‍ വനിതാ പോലീസ് ഉണ്ടായിട്ടും ആദ്യം വനിതാ പോലീസിനെ വിന്യസിക്കാന്‍ പോലീസ് തയ്യാറായില്ല. നാല്‍പതിലധികം മുറിയുള്ള കെ.പി.എം ഹോട്ടിലില്‍ കേവലം 12 മുറികള്‍ മാത്രമാണ് പരിശോധിച്ചത്. എല്ലാ മുറികളും പരിശോധിക്കുന്നതിന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ തടസ്സം നിന്നു. ആവശ്യമായ ഫോഴ്‌സ് ഉപയോഗിച്ച് തടസ്സം നിന്നവരെ നീക്കം ചെയ്യാന്‍ പോലീസ് തയ്യാറായില്ലെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
ഒരു വലിയ ട്രോളി ബാഗില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ പ്രതിയായിട്ടുള്ളയാള്‍ അവിടെ പണമിറക്കിയെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ആ ദൃക്‌സാക്ഷികളുടെ മൊഴിയെടുക്കാന്‍ പോലീസ് തയ്യാറായില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് ആരൊക്കെയാണ് പറയപ്പെടുന്ന സമയത്ത് വന്നത്, ആ ബാഗ് എങ്ങോട്ടാണ് പോയത് എന്നത് സംബന്ധിച്ചെല്ലാമുള്ള ശരിയായ വിവരം നല്‍കാന്‍ പോലീസ് തയ്യാറാകുന്നില്ല എന്നത് ദുരൂഹമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.