Sunday, November 24, 2024

സി.പി.എമ്മിനുവേണ്ടി പോലീസ് ചെയ്യുന്നത് കള്ളന്‍മാരേക്കാള്‍ മോശമായ പണി- ഷാഫി പറമ്പില്‍

പാലക്കാട്: സി.പി.എമ്മിന് വേണ്ടി കേരള പോലീസ് ചെയ്യുന്നത് കള്ളന്‍മാരേക്കാള്‍ മോശമായ പണിയാണെന്ന് ഷാഫി പറമ്പില്‍ എം.പി. രാത്രി 12 മണിക്ക് ആരെങ്കിലും വാതിലിന് മുട്ടുമ്പോള്‍ തുറന്നുകൊടുത്തിട്ട് വരൂ കയറിയിരിക്കൂ എന്നുപറഞ്ഞ് ഇരുത്താന്‍ പറ്റുമോ. ഐഡി കാര്‍ഡ് ചോദിച്ചത് തെറ്റാണോയെന്നും ഷാഫി പറമ്പില്‍ ചോദിച്ചു. പാലക്കാട് പോലീസ് അര്‍ധരാത്രി നേതാക്കളുടെ മുറിയിലെത്തി മിന്നല്‍ പരിശോധന നടത്തിയതില്‍ പ്രതികരിക്കുകയായിരുന്നു ഷാഫി.

സി.പി.എമ്മുകാര്‍ സംഘനൃത്തക്കാരും ഇവരോടൊപ്പം ഗ്രൂപ്പ് ഡാന്‍സ് കളിക്കാന്‍ ബി.ജെ.പിക്കാരും വന്നിട്ടും ഒരു സര്‍ട്ടിഫിക്കറ്റ് ചോദിച്ചിട്ട് പോലും അവര്‍ക്ക് തരാന്‍ സാധിച്ചില്ല. അവസാനം കിട്ടിയത് ‘നില്‍’ എന്നെഴുതിയ ഒരു വലിയ പേപ്പറാണ്. എന്നിട്ട് ഇനിയും ദൂരൂഹത ആരോപിക്കുകയാണവര്‍. ഇനി ദുരൂഹത ആരോപിക്കേണ്ടത് ഇതിലേക്ക് നയിച്ചത് ആരാണ്, ആരാണ് നിര്‍ദേശം കൊടുത്തത്, പോലീസ് എന്തിന് കള്ളം പറഞ്ഞു, പോലീസ് വ്യാജരേഖയുണ്ടാക്കിയതെന്തിന് തുടങ്ങിയ വിവിധ കാര്യങ്ങളിലാണ്. ആര്‍.ഡി.ഒയും എ.ഡി.എമ്മും ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് ടീം പരിശോധന നടത്തിയെന്ന് വ്യാജ കടലാസുണ്ടാക്കാന്‍ സമ്മര്‍ദം ചെലുത്തിയത് എന്തിനാണ്, അവരെ അറിയിക്കാതെ പോലീസ് വന്നതെന്തിന് ഇങ്ങനെ ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടതുണ്ടെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

ആര്‍.ഡി.ഒ സംഘമടക്കം പറഞ്ഞത് തങ്ങള്‍ക്ക് ഈ റെയ്ഡ് സംബന്ധിച്ച് ഒരു വിവരവും കിട്ടിയില്ല എന്നാണ്. പൊതുവായ പരിശോധനയാണെങ്കില്‍ നേരെ പിന്‍പോയിന്റ് ചെയ്ത് ബിന്ദു കൃഷ്ണയുടേയും ഷാനിമോളുടേയും മുറിയിലേക്ക് ഓടിക്കയറുന്നതിന്റെ ആവേശം എന്തായിരുന്നു. ചാക്കില്‍ കോഴപ്പണം കിട്ടിയപ്പോള്‍ പരിശോധനയ്ക്ക് ആത്മാര്‍ഥതയില്ലാത്തവന്മാര്‍ ഇന്നലെ അവിടെ കാണിച്ചുകൂട്ടിയത് എന്തൊക്കെയായിരുന്നു. എല്ലാം സ്‌ക്രിപ്റ്റഡാണ്, പ്രീ പ്ലാന്‍ഡ് ആണ്, കൃത്യമായ തിരക്കഥയാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

എ.എ റഹീം കള്ളം പറയുന്നത് കൊള്ളാം, അത് ശീലമാക്കുന്നതും കൊള്ളാം, അത് അലങ്കാരമായി കൊണ്ടുനടക്കരുതെന്നും ഷാഫി പറഞ്ഞു. ഒരു വനിതയുടെ സ്വകാര്യതയെ സംബന്ധിച്ച് അന്തിമവാക്ക് പറയാന്‍ എ.എ റഹീമിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. ഒരു വനിതയുടെ റൂമിന്റെ മുമ്പില്‍ രാത്രി 12 മണിക്ക് പോലീസാണെന്ന് അവകാശപ്പെടുന്നവര്‍ യൂണിഫോമില്ലാത്ത, ഐ.ഡി കാര്‍ഡ് ഇല്ലാത്തവര്‍, വനിതാ പോലീസ് അല്ലാത്തവര്‍ വന്ന് മുട്ടുമ്പോള്‍ ഷാനിമോള്‍ വാതില്‍ തുറന്നുകൊടുക്കണമെന്ന് എന്ത് അര്‍ഥത്തിലാണ് എ.എ. റഹീം പറയുന്നതെന്നും ഷാഫി ചോദിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments