പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍മുറികളില്‍ പോലീസിന്റെ പരിശോധന. തിരഞ്ഞെടുപ്പിനായി അനധികൃത പണം എത്തിച്ചെന്ന പരാതിയിലാണ് ഇന്നലെ അര്‍ധരാത്രി പോലീസ് സംഘം ഹോട്ടലില്‍ പരിശോധനയ്‌ക്കെത്തിയത്. പോലീസ് പരിശോധനയ്ക്കിടെ സി.പി.എം, ബി.ജെ.പി. നേതാക്കളും പ്രവര്‍ത്തകരും സ്ഥലത്തെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി.
യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനായി അനധികൃതമായി പണം എത്തിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് സംഘം അര്‍ധരാത്രി 12 മണിയോടെ പരിശോധനയ്‌ക്കെത്തിയതെന്നായിരുന്നു വിവരം. കാറില്‍ പണമെത്തിച്ചെന്നാണ് ആരോപണം. സംഭവസമയം സ്ഥാനാര്‍ഥി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഹോട്ടലിലുണ്ടായിരുന്നതായി സി.പി.എം, ബി.ജെ.പി. നേതാക്കള്‍ ആരോപിച്ചു.
കോണ്‍ഗ്രസ് വനിതാ നേതാവായ ബിന്ദു കൃഷ്ണയുടെ മുറിയിലാണ് പോലീസ് ആദ്യം പരിശോധന നടത്തിയത്. പിന്നാലെ ഷാനിമോള്‍ ഉസ്മാന്റെ മുറിയില്‍ പരിശോധനയ്‌ക്കെത്തിയെങ്കിലും വനിതാ പോലീസ് ഇല്ലാതെ പരിശോധന നടത്താനാവില്ലെന്ന് ഷാനിമോള്‍ ഉസ്മാന്‍ നിലപാടെടുത്തു. തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടിട്ടും പോലീസ് തയ്യാറായില്ലെന്നും മുറിയിലേക്ക് പോലീസ് ഇടിച്ചുകയറിയെന്നും വനിതാനേതാക്കള്‍ ആരോപിച്ചു.
ഇതിനു പിന്നാലെയാണ് സ്ഥലത്തെത്തിയ പ്രവര്‍ത്തകര്‍ പോലീസിനെതിരേ തിരിഞ്ഞത്. ഷാനിമോള്‍ ഉസ്മാന്റെ മുറിയില്‍നിന്ന് ഒന്നും കണ്ടെത്തിയില്ലെന്ന് പോലീസ് എഴുതിനല്‍കി. സംഭവമറിഞ്ഞ് രാത്രി 1.30-ഓടെ എം.പി.മാരായ ഷാഫി പറമ്പില്‍, വി.കെ. ശ്രീകണ്ഠന്‍ എന്നിവര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തി.
സി.പി.എമ്മിന്റെ തിരക്കഥയാണിതെന്നും എല്ലാ മുറികളിലും പണമുണ്ടോയെന്ന് പരിശോധിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പണം കണ്ടെത്തിയോയെന്ന കാര്യം പോലീസ് എഴുതിനല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. അര്‍ധരാത്രി 12ന് തുടങ്ങിയ പരിശോധന പുലര്‍ച്ചെ രണ്ടുമണി കഴിഞ്ഞും തുടർന്നു. അതിനിടെ പലതവണ സ്ഥലത്ത് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷവും കൈയാങ്കളിയുമുണ്ടായി. ബുധനാഴ്ച പുലർച്ചെ മൂന്നരമണി വരെ പോലീസ് പരിശോധന നീണ്ടു. അതുവരെ സ്ഥലത്ത് സംഘർഷാവസ്ഥയുമുണ്ടായി.
അതേസമയം, നഗരത്തിലെ ഹോട്ടലില്‍ നടന്നത് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പതിവ് പരിശോധനയെന്ന് എ.എസ്.പി. അശ്വതി ജിജി പറഞ്ഞു. പരിശോധനയില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഹോട്ടലിലെ 12 മുറികൾ പരിശോധിച്ചതായും എ.എസ്.പി. മാധ്യമങ്ങളോട് പറഞ്ഞു.
പരിശോധനയ്ക്ക് തടസ്സമൊന്നും ഉണ്ടായില്ല. ആരുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ അല്ല പരിശോധന നടന്നത്. സാധാരണനടക്കുന്ന പതിവ് പരിശോധനയാണിത്. ഈ ഹോട്ടല്‍ മാത്രമല്ല, നഗരത്തിലെ പല ഹോട്ടലുകളിലും കഴിഞ്ഞയാഴ്ച പരിശോധന നടത്തിയിട്ടുണ്ട്.
കള്ളപ്പണം കൊണ്ടുവന്നതായോ പണമിടപാട് നടക്കുന്നതായോ വിവരമൊന്നും കിട്ടിയിട്ടില്ല. പരിശോധനയ്ക്കിടെ ഒരു സ്ത്രീ വനിതാ ഉദ്യോഗസ്ഥയുടെ സഹായം ആവശ്യപ്പെട്ടു. മറ്റൊരുസ്ത്രീയ്‌ക്കൊപ്പം അവരുടെ ഭര്‍ത്താവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുന്നില്‍വെച്ചാണ് പരിശോധന നടന്നത്. ഹോട്ടലിലെ 12 മുറികളും പരിശോധിച്ചു. ഇതില്‍ എല്ലാ പാര്‍ട്ടികളുടെയും നേതാക്കളുടെ മുറികളുണ്ട്. എന്തെങ്കിലും പരാതി ലഭിച്ചാല്‍ ഹോട്ടലിലെ സിസിടിവി പരിശോധിക്കും. സംഭവം ഇപ്പോള്‍ നിയന്ത്രണവിധേയമാണ്. സംഘര്‍ഷാവസ്ഥയില്ല. പുറത്തുവന്നകാര്യങ്ങളില്‍ പലതും അഭ്യൂഹങ്ങളാണെന്നും എ.എസ്.പി വ്യക്തമാക്കി.