Saturday, November 23, 2024

ആനകളെ കാണാൻ മ്യൂസിയത്തിൽ പോകേണ്ടിവരും’; എഴുന്നള്ളത്തിൽ നിയന്ത്രണങ്ങൾ നിർദേശിച്ച് അമിക്കസ് ക്യൂറി

കൊച്ചി: ആന എഴുന്നള്ളത്തിൽ നിയന്ത്രണങ്ങൾ നിർദേശിച്ച് അമിക്കസ്ക്യൂറി. ആനകളും ജനങ്ങളും തമ്മിൽ 10 മീറ്ററെങ്കിലും ദൂരം വേണം. രണ്ട് എഴുന്നള്ളത്തുകൾക്കിടയിൽ 24 മണിക്കൂർ വിശ്രമം ആനകൾക്ക് ഉറപ്പാക്കണം. സ്വകാര്യ ആവശ്യങ്ങൾക്ക് ആനകളെ ഉപയോഗിക്കരുത് എന്നും ശുപാർശയുണ്ട്.

ഒരു ദിവസം നൂറ് കിലോമീറ്ററിലധികം ആനകളെ കൊണ്ടു പോകരുത് എന്നടക്കമുള്ള ശുപാർശകളാണ് അമിക്കസ് ക്യൂറി മുമ്പോട്ട് വെച്ചിട്ടുള്ളത്. ആന എഴുന്നള്ളത്ത് വളരെ സെൻസിറ്റീവ് വിഷയമാണെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ദേവസ്വങ്ങളെയും ആന ഉടമകളേയും കക്ഷി ചേർക്കണമെന്നും ആവശ്യമുണ്ട്.

സംസ്ഥാനത്ത് ഉത്സവ സീസൺ ആരംഭിക്കാനിരിക്കെയാണ് ആന എഴുന്നള്ളത്ത് വീണ്ടും ചര്‍ച്ചയാകുന്നത്. വിഷയം വളരെ സെൻസിറ്റീവാണെന്നും ധൃതിപിടിച്ച് ഒരു തീരുമാനത്തിലേക്ക് പോകരുതെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എഴുന്നള്ളത്തിന് കൃത്യമായ മാർഗരേഖ കൊണ്ടുവരാനാണ് ഹൈക്കോടതി ഉദ്ദേശിക്കുന്നത്. ആനകൾക്ക് മേലുള്ള ക്രൂരത അവസാനിപ്പിക്കണമെന്നാണ് കോടതിയുടെ നിലപാട്. വിഷയത്തിൽ കോടതി അന്തിമ തീരുമാനം എടുത്തിട്ടില്ല. വിഷയവുമായി ബന്ധപ്പെട്ട് എല്ലാവരേയും കേൾക്കണമെന്ന വാദമാണ് ഇപ്പോൾ സർക്കാർ ഉന്നയിച്ചിരിക്കുന്നത്.

2018-ന് ശേഷം 154 ആനകളാണ് ചെരിഞ്ഞത്. കൃത്യമായി ആനകൾക്ക് പരിചരണം നൽകാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ദിനോസറുകളെ പോലെ വരുംതലമുറ ആനകളെ കാണാൻ മ്യൂസിയത്തിലേക്ക് പോകേണ്ട അവസ്ഥ ഉണ്ടാകുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.

എഴുന്നള്ളത്തുവിഷയത്തിൽ ശക്തമായ നിലപാട് എടുക്കുന്നത് പബ്ലിസിറ്റിക്ക് വേണ്ടിയല്ല. അത്തരത്തിൽ ചിലർ പ്രചരിപ്പിക്കുന്നുണ്ട്. കോടതിക്ക് ഒരു പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അടുത്താഴ്ച വീണ്ടും കേസ് ഹൈക്കോടതി പരിഗണിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments