ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യാഗ്രഹത്തിൻ്റെ 93-ാം വാർഷികത്തിൻ്റെ ഭാഗമായി സർവോദയ ഗാന്ധിയൻ പ്രവർത്തകർ സ്മരണ പുതുക്കി. ഗുരുവായൂർ ദേവസ്വം സത്രം അങ്കണത്തിലെ സത്യാഗ്രഹ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി. കേരള സർവോദയ മണ്ഡലത്തിൻ്റെയും കേരള മഹാത്മജി സാംസ്കാരിക വേദിയുടേയും നേതൃത്വത്തിൽ നടന്ന അനുസ്മരണ ചടങ്ങ് പ്രമുഖ ഗാന്ധിയനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ എം. പീതാംബരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.കേരള മഹാത്മജി സാംസ്കാരിക വേദി പ്രസിഡൻ്റ് സജീവൻ നമ്പിയത്ത് അധ്യക്ഷത വഹിച്ചു. സത്യാഗ്രഹത്തിന് കേളപ്പജിയും സംഘവും താമസിച്ചിരുന്ന വസതിയുടെ ഉടമസ്ഥനായിരുന്ന പുതുശ്ശേരി കുട്ടപ്പ മാസ്റ്ററുടെ മകൻ പുതുശ്ശേരി രവീന്ദ്രൻ, സർവോദയ നേതാവ് പി.എസ്.സുകുമാരൻ, ഗാന്ധിയൻ വിജ്ഞാന സമിതി ചെയർമാൻ ആചാര്യ സി.പി.നായർ, ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം സൂപ്രണ്ട് മുരളി പുറനാട്ടുകര, നടുവിൽ രാജൻ, ഗുരുവായൂർ വിജീഷ് എന്നിവർ സംസാരിച്ചു’.രഘുപതി രാഘവ രാജാറാം ‘എന്ന രാംധുൽ ആലാപനത്തോടെയാണ് ചടങ്ങ് സമാപിച്ചത്.