തൃശൂർ: തൃശൂരിൽ കൊറിയർ വഴി വന്ന കഞ്ചാവ് വാങ്ങാനെത്തിയ ഫിറ്റ്നസ് സെന്റർ ഉടമ പിടിയിൽ. നെടുപുഴ തെക്കുംമുറി സ്വദേശി വാകയിൽ വീട്ടിൽ വിഷ്ണു(32)വാണ് ടൗൺ ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. രണ്ട് പാക്കറ്റുകളിലായി കൊറിയർ സ്ഥാപനത്തിൽ എത്തിയ 4 കിലോയിൽ അധികം കഞ്ചാവ് പോലീസ് പിടികൂടി. കഴിഞ്ഞ ഒക്ടോബർ 18-ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. തൃശൂർ കൊക്കാലയിലുള്ള കൊറിയർ സ്ഥാപനത്തിൽ കൊറിയർ വഴി എത്തിയ രണ്ട് പാക്കറ്റുകൾ കണ്ടതോടെ ജീവനക്കാർക്ക് സംശയം തോന്നി തൃശ്ശൂർ ഈസ്റ്റ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി പരിശോധിച്ചപ്പോൾ രണ്ടു പാക്കറ്റുകളിൽ നിന്നായി 4 കിലോ 168 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. തുടർന്ന് ഈസ്റ്റ് പോലീസ് പാഴ്സൽ കൊണ്ടുപോകാനായി വന്ന കാറിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പോലീസ് അന്വേഷണം നടത്തുന്ന വിവരം അറിഞ്ഞ പ്രതി തന്റെ ഫിറ്റ്നസ് സ്ഥാപനത്തിലേക്ക് വരാതെ മുങ്ങി നടക്കുകയായിരുന്നു. ഒടുവിൽ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ പ്രതിയെ നെടുപുഴ പള്ളി പരിസരത്ത് വച്ച് പിടികൂടുകയായിരുന്നു. പ്രതിക്ക് തൃശൂർ വെസ്റ്റ്, അന്തിക്കാട് പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലും, തൃശൂർ എക്സൈസ് റേഞ്ച് ഓഫീസിലും കേസുകൾ ഉണ്ടെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.