തൃശ്ശൂർ: നഗരത്തിൽ വെച്ച് യുവതിയെ ആക്രമിച്ച് ഐ ഫോൺ കവർന്ന കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. തൃശൂർ എച്ചിപ്പാറ സ്വദേശി കൂട്ടാല വീട്ടിൽ അനന്തു (23)വാണ് തൃശൂർ ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. കേസിൽ രണ്ടു പ്രതികൾ നേരത്തെ അറസ്റ്റിൽ ആയിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബർ 25ന് രാത്രി തൃശ്ശൂർ ജനറൽ ആശുപത്രിക്ക് എതിർവശത്തെ തേക്കിൻകാട് മൈതാനിയിൽ വച്ചായിരുന്നു സംഭവം. കണ്ണൂർ സ്വദേശിയായ യുവതിയും കൂട്ടുകാരിയും തേക്കിൻക്കാട് മൈതാനത്ത് ഇരിക്കുമ്പോൾ പ്രതികൾ യുവതിയേയും കൂട്ടുകാരിയേയും ദേഹോപദ്രവം ഏൽപ്പിച്ച് കൈയിലുണ്ടായിരുന്ന ഐഫോൺ കവർന്നു കടന്നുകളയുകയായിരുന്നു. തുടർന്ന് യുവതി തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ഹാജരായി പരാതിനൽകുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ മുതുവറ സ്വദേശി കംരിയകോട്ട് വീട്ടിൽ സുധീഷ് , അമല നഗർ സ്വദേശി നിത്തിനിക്കൽ വീട്ടിൽ ലിജോ മോൻ എന്നിവർ അറസ്റ്റിലായി. പിന്നീട് നടന്ന വിശദമായ അന്വേഷണത്തിലാണ് മുഖ്യപ്രതിയായ അനന്തുവിനെ പിടികൂടിയത്. ഇൻസ്പെക്ടർ ജിജോ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ജയകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ സൂരജ്, അജ്മൽ, വൈശാഖ്, ബിനു, പ്രിയേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.