ഗുരുവായൂർ: 2024 വർഷത്തെ ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം കലാകാരൻമാർക്കുള്ള ശ്രീമാനവേദ സുവർണ്ണമുദ്ര, വാസു നെടുങ്ങാടി എൻഡോവ്മെൻ്റ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ചുട്ടി ആശാൻ ഇ രാജുവിനാണ് ശ്രീമാനവേദ സുവർണമുദ്ര. ഒരു പവൻ തൂക്കം വരുന്ന ശ്രീഗുരുവായൂരപ്പൻ്റെ രൂപം മുദ്രണം ചെയ്ത സ്വർണ്ണപ്പതക്കമാണ് പുരസ്കാരം. വാസു നെടുങ്ങാടി എൻഡോവ്മെൻ്റ് പുരസ്കാരത്തിന് തൊപ്പി മദ്ദളം ഗ്രേഡ് ഒന്ന് കലാകാരൻ സി.ഡി ഉണ്ണിക്കൃഷ്ണനെ തെരഞ്ഞെടുത്തു. ഒക്ടോബർ 13 മുതൽ 21 വരെയുളള കൃഷ്ണനാട്ടം അരങ്ങുകളിയിലെ മികച്ച പ്രകടനത്തിനാണ് പുരസ്കാരം. ഡോ. സദനം ഹരികുമാർ, കഥകളി പാട്ട് ആശാൻ കലാനിലയം ഉണ്ണിക്കൃഷ്ണൻ, കൃഷ്ണനാട്ടം ചുട്ടി ആശാനായിരുന്ന കെ.ടി ഉണ്ണിക്കൃഷ്ണൻ എന്നിവരുൾപ്പെട്ട പുരസ്കാര നിർണയ സമിതിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. പുരസ്കാര നിർണയ സമിതിയുടെ ശുപാർശ ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന ദേവസ്വം ഭരണസമിതി യോഗം അംഗീകരിച്ചു. ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, കെ.പി വിശ്വനാഥൻ, വി.ജി രവീന്ദ്രൻ, മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ എന്നിവർ യോഗത്തിൽ സന്നിഹിതരായി. അരങ്ങുകളിയിലെ മികച്ച പ്രകടനത്തിനുള്ള പ്രോൽസാഹനത്തിന് വേഷം വിഭാഗത്തിൽ നിന്ന് ഗോകുൽ മധുസൂദനൻ, അതുൽ കൃഷ്ണ (പാട്ട്), കൃഷോദ്(ശുദ്ധമദ്ദളം), ഗൗതം കൃഷ്ണ (തൊപ്പി മദ്ദളം ), ജിതിൻ ശശി (ചുട്ടി), വി രാഹുൽ(അണിയറ) എന്നിവരെയും തെരഞ്ഞെടുത്തു. കൃഷ്ണഗീതി ദിനമായ തുലാം മുപ്പതിന് (നവംബർ 15 ) ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് പുരസ്കാരങ്ങൾ സമ്മാനിക്കും.