Thursday, November 21, 2024

വിജയ്‌യുടെ ‘മാസ് എൻട്രി’: വിക്രവാണ്ടിയിൽ ടി.വി.കെ സമ്മേളനം തുടങ്ങി; വൻ തിരക്ക്,

ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടി തമിഴക വെട്രി കഴക(ടിവികെ)ത്തിന്റെ പ്രഥമ സംസ്ഥാന സമ്മേളനം തുടങ്ങി. വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിലെ സമ്മേളന വേദിയിലേക്ക് വിജയ് എത്തി. ആരാധകരുടെയും പ്രവർത്തകരുടെയും വൻ തിരക്കാണ് സമ്മേളന സ്ഥലത്തുള്ളത്. തിരക്കിനിടെ നൂറിലേറെപ്പേർ കുഴഞ്ഞുവീണു. 350ലേറെ ഡോക്ടർമാരെ സമ്മേളന സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്.

തമിഴ്‌നാട് ഉപ മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, നടന്മാരായ പ്രഭു, വിജയ് സേതുപതി, നാം തമിഴർ പാർട്ടി നേതാവ് സീമൻ തുടങ്ങിയവർ വിജയ്ക്ക് ആശംസ നേർന്നു. വിജയുടെ മാതാപിതാക്കളും സമ്മേളനത്തിനെത്തിയിട്ടുണ്ട്. 110 അടി ഉയരത്തിലുള്ള കൊടിമരത്തിൽ, റിമോട്ട് ഉപയോഗിച്ചാണ് പാ‍ർട്ടിപതാക ഉയർത്തിയത്

അരലക്ഷം പേർക്ക് ഇരിക്കാനുള്ള കസേരകൾ തയാറാക്കിയിരുന്നു മറ്റുള്ളവർക്കായി കൂറ്റൻ വിഡിയോ വാളുകളുമുണ്ട്. തമിഴ്നാടിനു പുറമേ കേരളം, ആന്ധ്രപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ആരാധകരും സമ്മേളനത്തിനെത്തി വിക്രവാണ്ടി, വില്ലുപുരം, കൂടേരിപ്പാട്ട് തുടങ്ങിയ സ്ഥലങ്ങളിലെ നാൽപ്പതിലധികം ഹോട്ടലുകളിൽ 20 ദിവസം മുൻപു തന്നെ പലരും മുറികൾ ബുക്ക് ചെയ്തിരുന്നു. ചെന്നൈയിൽ നിന്നുള്ള ചിലർ സൈക്കിളിൽ സമ്മേളനത്തിനെത്തുന്നുണ്ട്.

വിജയ്‌ക്കും മറ്റു വിശിഷ്ടാതിഥികൾക്കുമായി 5 കാരവാനുകളും ഒരുക്കിയിട്ടുണ്ട്. സുരക്ഷയൊരുക്കാൻ അയ്യായിരത്തിലധികം പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. മദ്യപിച്ചെത്തുന്നവരെ യോഗത്തിലേക്കു പ്രവേശിപ്പിക്കില്ലെന്നു പാർട്ടി നേരത്തേ തന്നെ അറിയിച്ചിരുന്നു. കൂടാതെ, റോഡ് നിയമങ്ങൾ കൃത്യമായി പാലിച്ചുവേണം പ്രവർത്തകർ സമ്മേളനത്തിനെത്താനെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തരുതെന്നും വിജയ് ഓർമിപ്പിച്ചിട്ടുണ്ട്

RELATED ARTICLES
- Advertisment -

Most Popular

Recent Comments