കല്‍പ്പറ്റ: വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അമ്മ സോണിയ ഗാന്ധി, സഹോദരന്‍ രാഹുല്‍ ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര, മകന്‍ റെയ്ഹാന്‍ വാദ്ര, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ തുടങ്ങിയവര്‍ പ്രിയങ്കയ്‌ക്കൊപ്പമുണ്ടായിരുന്നു.
പത്രികാ സമര്‍പ്പണ സമയത്ത് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് കളക്ടറുടെ ചേംബറിലേക്ക് പ്രവേശനം. മകനും ഭർത്താവിനും ഒപ്പം ആദ്യ സെറ്റ് പത്രിക നൽകി. പിന്നീട് അവർ പുറത്ത് പോയ ശേഷമാണ് സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖാര്‍ഗെയും രാഹുൽ ഗാന്ധിയും ചേംബറില്‍ എത്തിയത്. ഇവരുടെ സാന്നിധ്യത്തിലാണ് രണ്ടാം സെറ്റ് പത്രിക സമർപ്പിച്ചത്. രാവിലെ റോഡ് ഷോയ്ക്കും ജനങ്ങളെ അഭിസംബോധന ചെയ്തതിനും ശേഷമാണ് പ്രിയങ്ക കളക്ടറേറ്റിലെത്തിയത്. കല്‍പ്പറ്റയില്‍ നടന്ന റോഡ് ഷോയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. പ്രിയങ്കയും സോണിയയും ചൊവ്വാഴ്ച്ച വൈകുന്നേരം വയനാട്ടിലെത്തിയിരുന്നു. ബുധനാഴ്ച്ച രാവിലെയാണ് രാഹുല്‍ എത്തിയത്.