Tuesday, November 19, 2024

‘കടപ്പുറം പഞ്ചായത്തിനെ ഹോട്ട്സ്പോട്ടിൽ ഉൾപ്പെടുത്തണം’; യൂത്ത് ലീഗ് ജലസേചന വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി

കടപ്പുറം: ശക്തമായ കടൽക്ഷോഭം മൂലം ദുരിതം അനുഭവിക്കുന്ന കടപ്പുറം പഞ്ചായത്തിലെ തീരപ്രദേശത്തെ ഹോട്ട്സ്പോട്ടിൽ ഉൾപ്പെടുത്തി ശാസ്ത്രീയമായ രീതിയിൽ സംരക്ഷണം ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത്‌ കമ്മിറ്റി സംസ്ഥാന ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി. സംസ്ഥാനത്തെ നിലവിലെ ഹോട്ട്സ്പോട്ടുകളെക്കാൾ ദുരിതപൂർണ്ണമാണ് കടപ്പുറത്തെ അവസ്ഥ. കടൽക്ഷോഭ സമയങ്ങളിൽ സ്ഥിതി വളരെയേറെ ഭയാനകരവുമാണ്. മറ്റ് തീരപ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമാണ് കടപ്പുറത്തെ ഭൂപ്രദേശ ഘടനയെന്നും കടലിനോട് ചേർന്നാണ് ജനവാസ കേന്ദ്രങ്ങളും പ്രധാന റോഡുകളുമെന്നും ഈ സാഹചര്യങ്ങൾ കൂടുതൽ അപകട സാധ്യത വർധിപ്പിക്കുന്നതാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ജനങ്ങൾ വളരെയധികം ആശങ്കകളോടെയും ഭീതിയോടേയുമാണ് ഇവിടെ കഴിയുന്നത്. ഹോട്ട്സ്പോട്ടിൽ ഉൾപ്പെടുത്തുക എന്നാവശ്യത്തോടൊപ്പം ചെറിയ പുലിമുട്ടുകളോടെ ടെട്രാപോഡ് ഉപയോഗിച്ച് സംരക്ഷണ ഭിത്തി നിർമ്മിക്കുക, സ്ഥലം നഷ്ട്ടപ്പെട്ടവർക്കും ഭൂമി നഷ്ടപ്പെട്ടവർക്കും ധന സഹായം അനുവദിക്കുക, അഹ്മദ് കുരിക്കൾ തീരദേശ പി.ഡബ്ല്യു.ഡി റോഡിൽ സംരക്ഷണ ഭിത്തി പണിയുക തുടങ്ങി ആവശ്യങ്ങളും നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. കടപ്പുറം പഞ്ചായത്തിനെ ഹോട്ട്സ്പോട്ടിൽ ഉൾപ്പെടുത്തുക എന്നാവശ്യത്തെ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് യൂത്ത് ലീഗ് ഭാരവാഹികളോട് മന്ത്രി ഉറപ്പ് നൽകി. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ അഷ്ക്കർ അലി, ജനറൽ സെക്രട്ടറി അലി അഞ്ചങ്ങാടി, ട്രഷറർ ഷബീർ പുതിയങ്ങാടി, സെക്രട്ടറി ഫൈസൽ ആശുപത്രിപ്പടി എന്നിവർ നിവേദന സംഘത്തിൽ ഉണ്ടായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments