ബെംഗളൂരു: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പൊരുതുന്നു. 356 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ ന്യൂസീലന്‍ഡിനെതിരേ നാലാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ മൂന്നിന് 344 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. കിവീസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡിനേക്കാള്‍ 12 റണ്‍സ് പിന്നിലാണ് ഇപ്പോഴും ഇന്ത്യ.
ആദ്യ ഇന്നിങ്‌സില്‍ ഡക്കായെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറിയുമായി പ്രായശ്ചിത്തം ചെയ്ത സര്‍ഫറാസ് ഖാന്റെ മികവിലാണ് ഇന്ത്യയുടെ പോരാട്ടം. സെഞ്ചുറി നേടിയ സര്‍ഫറാസ് 125* റണ്‍സുമായി ക്രീസിലുണ്ട്. അര്‍ധ സെഞ്ചുറി പിന്നിട്ട ഋഷഭ് പന്താണ് (53*) സര്‍ഫറാസിന് കൂട്ട്. മത്സരത്തിനിടെ കാല്‍മുട്ടിന് പരിക്കേറ്റ പന്ത് മൂന്നാം ദിനം കളിക്കളത്തിലിറങ്ങിയിരുന്നില്ല. എന്നാല്‍ നിര്‍ണായക ഘട്ടത്തില്‍ താരം ഇന്ത്യയ്ക്കായി ബാറ്റിങ്ങിന് ഇറങ്ങുകയായിരുന്നു. പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും 113 റണ്‍സ് ചേര്‍ത്തിട്ടുണ്ട്.
മൂന്നാംദിനത്തിലെ അവസാനപന്തില്‍ വിരാട് കോലി (70) പുറത്തായതാണ് ഇന്ത്യയ്ക്ക് നിരാശയായത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (52), യശസ്വി ജയ്‌സ്വാള്‍ (35) എന്നിവരും ഒന്നാം ഇന്നിങ്‌സിലെ സങ്കടം തീര്‍ത്തു. യശ്വസി ജയ്സ്വാളും രോഹിത് ശര്‍മയുംചേര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ കരുതലോടെയാണ് തുടങ്ങിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇവര്‍ 72 റണ്‍സ് നേടി. ജയ്‌സ്വാളിനെ അജാസ് പട്ടേലിന്റെ പന്തില്‍ കീപ്പര്‍ ടോം ബ്ലന്‍ഡല്‍ സ്റ്റമ്പ് ചെയ്തു. 63 പന്തില്‍ ഒരു സിക്‌സും എട്ടു ഫോറമുള്‍പ്പെടെ 52 റണ്‍സെടുത്ത രോഹിത് ശര്‍മ നിര്‍ഭാഗ്യകരമായി ഔട്ടായി. അജാസിന്റെ പന്ത് പ്രതിരോധിക്കുന്നതിനിടെ ബാറ്റില്‍ക്കൊണ്ട് നിലത്തുകുത്തിയശേഷം സ്റ്റമ്പില്‍ കൊള്ളുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ വിരാട് കോലിയും സര്‍ഫ്രാസ് ഖാനും ചേര്‍ന്ന് 136 റണ്‍സ് ചേര്‍ത്ത് ഇന്ത്യയെ ട്രാക്കിലാക്കി. 57-റണ്‍സിലെത്തിയപ്പോള്‍ കോലിയുടെ ക്യാച്ച് സ്ലിപ്പില്‍ അജാസ് നഷ്ടപ്പെടുത്തിയിരുന്നു. ഗ്ലെന്‍ ഫിലിപ്സിന്റെ പന്തില്‍ കീപ്പര്‍ ടോം ബ്ലന്‍ഡലിന് ക്യാച്ച് നല്‍കി കോലി മടങ്ങിയതോടെ മൂന്നാം ദിവസത്തെ കളി അവസാനിപ്പിക്കുകയായിരുന്നു.