തിരുവനന്തപുരം: തൃശൂർ പൂരം കലക്കല്‍ സംബന്ധിച്ച ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിച്ചു. ക്രൈംബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷിന്റെ കീഴിലാണു സംഘം പ്രവര്‍ത്തിക്കുക. ഡിഐജി തോംസണ്‍ ജോസ്, കൊല്ലം റൂറല്‍ എസ്പി സാബു മാത്യു, കൊച്ചി എസിപി പി.രാജ്കുമാര്‍, വിജിലന്‍സ് ഡിവൈഎസ്പി ബിജു വി.നായര്‍, ഇന്‍സ്‌പെക്ടര്‍മാരായ ചിത്തരഞ്ജന്‍, ആര്‍.ജയകുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എം.ആര്‍.അജിത്കുമാര്‍ നല്‍കിയ റിപ്പോര്‍ട്ട് ഡിജിപിയും ആഭ്യന്തര വകുപ്പും തള്ളിയതിനു പിന്നാലെയാണ് തുടരന്വേഷണത്തിനു തീരുമാനമായത്. ത്രിതല അന്വേഷണമാണു പ്രഖ്യാപിച്ചത്. പൂരം കലക്കലുമായി ബന്ധപ്പെട്ട് എം.ആര്‍.അജിത്കുമാറിന് ഉണ്ടായ വീഴ്ചകള്‍ ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ് അന്വേഷിക്കും. ഗൂഢാലോചന ക്രൈംബ്രാഞ്ച് എഡിജിപിയായിരിക്കും അന്വേഷിക്കുക. വിഷയത്തില്‍ ഇന്റലിജന്‍സ് മേധാവിയും അന്വേഷണം നടത്തുന്നുണ്ട്. അതേസമയം എഡിജിപി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല.