മുല്ലശ്ശേരി: പറമ്പന്തളി മാനിന പ്രദേശത്ത് പുലിയെ കണ്ടതായി അഭ്യൂഹം പരന്നതോടെ വനംവകുപ്പുദ്യോഗസ്ഥർ പരിശോധന നടത്തി. പട്ടിക്കാട് ഫോറസ്റ്റ് സ്റ്റേഷൻ സെക്ഷൻ ഓഫീസർ കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്കെത്തിയത്. പരിശോധനയിൽ പുലിയുടെ കാൽപ്പാട് കണ്ടില്ലെന്ന് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും പുലിയെ കണ്ടതായി പറയപ്പെടുന്ന ഭാഗങ്ങളിൽ വെളിച്ചം സജ്ജീകരിക്കണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പരിശോധനയിൽ കണ്ടെത്തിയ വിവരങ്ങൾ കെ.എഫ്.ആർ.ഐക്ക് കൈമാറി വിശദമായി പരിശോധിക്കും. ഇന്നലെ മുല്ലശ്ശേരി അയ്യപ്പക്കുടം സ്വദേശിയായ ആനേടത്ത് പ്രദീഷിന്റെ വീടിന്റെ പിറകിലുള്ള തൊഴുത്തിനോടുചേർന്നുള്ള ചാണകക്കുഴിയിൽ മുള്ളൻപന്നിയെ കടിച്ചുകൊന്നനിലയിൽ കണ്ടെത്തിയ സ്ഥലവും വനംവകുപ്പുദ്യോഗസ്ഥർ പരിശോധിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് പറമ്പന്തളി റേഷൻ കടയ്ക്കു സമീപമുള്ള വീട്ടുകാർ തെരുവുനായയെ പുലി ആക്രമിക്കുന്നതു കണ്ടതായി പറയുന്നത്. വീടിന്റെ പിറകിൽ വീട്ടുകാർ കുട്ടിയെ കുളിപ്പിക്കുന്നതിനിടയിൽ പെട്ടെന്ന് തെരുവുനായ ഓടിവന്നുവെന്നും തൊട്ടുപിറകിലായി പുലിയുണ്ടായിരുന്നതായും പറയുന്നു. വീട്ടുകാർ ബഹളംവെച്ചതോടെ മറ്റൊരു ഭാഗത്തേക്ക് ഓടിപ്പോയെന്നും പറയുന്നു. മാനിനയിൽ പകുതിഭാഗം കാട്ടുപ്രദേശമാണ്. പുലിയെ കണ്ടതായി അഭ്യൂഹം പരന്നതോടെ പ്രദേശത്തെ ജനങ്ങൾ പരിഭ്രാന്തിയിലാണ്.