ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശി ചുറ്റുവിളക്കുകൾ നവംബർ 11-ന് ആരംഭിക്കും. കുടുംബങ്ങളും വ്യക്തികളും സ്ഥാപനങ്ങളും വഴിപാടായി നടത്തുന്നതാണ് ചുറ്റുവിളക്കുകൾ. പാലക്കാട് പറമ്പോട്ട് അമ്മിണിയുടെ വകയാണ് ആദ്യ വിളക്ക്. രാത്രി ശീവേലിക്കുശേഷം വിളക്കുമാടത്തിലെ ചുറ്റുവിളക്കുകൾ തെളിയിച്ച് മൂന്ന് ആനകളുടെ അകമ്പടിയോടെ നടത്തുന്ന ചടങ്ങാണിത്. വിശേഷാൽ കാഴ്ചശ്ശീവേലി, ഇടയ്ക്ക പ്രദക്ഷിണം, മേളം, പഞ്ചവാദ്യം, മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ കലാപരിപാടികൾ എന്നിവയുണ്ടാകും. പോസ്റ്റൽവകുപ്പ്, മുൻസിഫ് കോടതി, പോലീസ്, ജി.ജി കൃഷ്ണയ്യർ, മർച്ചന്റ്‌സ് അസോസിയേഷൻ, കനറാ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് തുടങ്ങിയവയുടെ വിളക്കുകൾ 15 മുതൽ തുടങ്ങും. ഡിസംബർ 11-നാണ് ഏകാദശി ആഘോഷം. ഏകാദശിയോടനുബന്ധിച്ചുള്ള പ്രശസ്തമായ ചെമ്പൈ സംഗീതോത്സവം നവംബർ 26-ന് തുടങ്ങും. ഏകാദശിദിവസം രാത്രിയാണ് സമാപിക്കുക.