ന്യൂഡല്‍ഹി: ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിഎം അട്ടിമറി നടന്നുവെന്ന ആരോപണത്തില്‍ ഉറച്ച് കോണ്‍ഗ്രസ്. അട്ടിമറി സംശയിക്കുന്ന 20 മണ്ഡലങ്ങളുടെ ലിസ്റ്റ് തിരഞ്ഞെടുപ്പ് കമ്മിഷന് കോണ്‍ഗ്രസ് കൈമാറിയതായി പാര്‍ട്ടി വാക്താവ് പവന്‍ ഖേര പറഞ്ഞു.
20 സീറ്റുകളിലെ സ്ഥാനാര്‍ഥികളുടെ എഴുതി തയ്യാറാക്കിയതും വാക്കാലുമുള്ള പരാതിയാണ് തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയിരിക്കുന്നത്. 99 ശതമാനം ചാര്‍ജുണ്ടായിരുന്ന ഇവിഎമ്മുകളിലാണ് കോണ്‍ഗ്രസിന്റെ പ്രധാന സംശയം. വോട്ടെണ്ണല്‍ ദിനത്തില്‍ തന്നെ കോണ്‍ഗ്രസ് ഇത് സംബന്ധിച്ച ആരോപണം ഉയര്‍ത്തിയിരുന്നു.
’20 സീറ്റുകളുടെ ഒരു ലിസ്റ്റ് തിരഞ്ഞെടുപ്പ് കമ്മിഷന് അയച്ചു, ഞങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ 99 ശതമാനം ബാറ്ററി ചാര്‍ജിന്റെ രേഖാമൂലവും വാക്കാലുള്ളതുമായ പരാതികള്‍ സമര്‍പ്പിച്ചു. വോട്ടെണ്ണല്‍ ദിവസം ഈ വിഷയം ഉയര്‍ന്നു… 99 ശതമാനം ബാറ്ററി ചാര്‍ജ് പ്രദര്‍ശിപ്പിച്ച യന്ത്രങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് വിചിത്രമായ യാദൃശ്ചികതയാണ്. 60-70 ശതമാനം ബാറ്ററി ചാര്‍ജുള്ള മെഷീനുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിക്കുകയും ചെയ്തു’ പവന്‍ ഖേര പറഞ്ഞു.
ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോണ്‍ഗ്രസ് പ്രതിനിധി സംഘം തിരഞ്ഞെടുപ്പ് കമ്മിഷനെ സന്ദര്‍ശിച്ചിരുന്നു. കനത്ത ഭരണവിരുദ്ധ വികാരമുണ്ടെന്ന കണക്കാക്കിയ ഹരിയാണയില്‍ വിജയിക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. എന്നാല്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ എല്ലാം കാറ്റില്‍പറത്തി ഹരിയാണയില്‍ ബിജെപി മൂന്നാംവട്ടവും അധികാരത്തിലേറുകയായിരുന്നു.
90 അംഗ നിയമസഭയില്‍ ബിജെപിക്ക് 48 സീറ്റില്‍ ജയിക്കാനായി. കോണ്‍ഗ്രസിന് 37 സീറ്റുകളെ നേടാന്‍ കഴിഞ്ഞുള്ളൂ.