കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ കെ.കെ.ടി.എം കോളേജിൽ എസ്.എഫ്.ഐ ഏരിയ നേതാക്കളെ പോലീസ് അകാരണമായി മർദ്ദിച്ചെന്ന ആരോപണവുമായി എസ്.എഫ്.ഐ രംഗത്ത്. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.എസ് പ്രവീൺ, പ്രവർത്തകരായ ഷാഹിർ, അമൽഷാൻ തുടങ്ങിയവർക്ക് പോലീസ് മർദ്ദനത്തിൽ സാരമായി പരിക്കേറ്റതായും എസ്.എഫ്.ഐ ആരോപിച്ചു. കൊടുങ്ങല്ലൂർ എസ്.ഐ സലീമിന്റെ നേതൃത്വത്തിലായിരുന്നു പോലീസ് മർദ്ദനം. കോളേജിൽ തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം എസ്എഫ്ഐയുടെ ആഹ്ലാദപ്രകടനത്തിനിടയിൽ സംഘർഷം ഉണ്ടായിരുന്നു. യഥാസമയം എസ്.എഫ്.ഐ ഏരിയ നേതൃത്വം ഇടപെട്ട് സംഘർഷം അവസാനിപ്പിക്കുകയും ചെയ്തു. എന്നാൽ സംഘർഷം അവസാനിച്ചതിനുശേഷം സംഭവസ്ഥലത്തെത്തിയ പോലീസ് എസ്.എഫ്.ഐ ഏരിയ നേതാക്കളെ അകാരണമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് എസ്.എഫ്.ഐ ആരോപിക്കുന്നത്. പോലീസ് നടപടിക്കെതിരെ നിയമപരമായി മുന്നോട്ടു പോകുമെന്ന് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.