കുന്നംകുളം: 17 വയസുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ അതിജീവിത അച്ചാഛൻ എന്ന് വിളിക്കുന്ന പ്രതിക്ക് 20 വർഷം കഠിന തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ. കരിക്കാട് കോട്ടോൽ ചെറുവത്തൂർ വീട്ടിൽ മാധവനെ(39)യാണ് കുന്നംകുളം പോക്സോ കോടതി ജഡ്ജി എസ് ലിഷ ശിക്ഷിച്ചത്. 2023 ൽ പ്രതി അതിജീവിതയുടെ വീട്ടിൽ കയറി അതിജീവിതയെ ബലാത്സംഗം ചെയ്ത കേസിലാണ് ശിക്ഷ. പീഡന വിവരം ആരുടെങ്കിലും പറഞ്ഞാൽ സഹോദരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ അതിജീവിത ഈ വിവരം ആരോടും പറയാതെ രഹസ്യമാക്കി വെച്ചു . പിന്നീട് സഹോദരനെ ചെവി വേദനക്ക് ഡോക്ടറെ കാണിക്കുന്നതിനായി പഴഞ്ഞി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ അമ്മയോടൊപ്പം പോയ അതിജീവിതക്ക് വയറുവേദന ഉള്ളതിനാൽ അതിജീവിതയെ ഡോക്ടറെ കാണിച്ചു. ഡോക്ടർ നടത്തിയ പരിശോധനയിൽ അതിജീവിത ഗർഭിണിയാണെന്ന് കണ്ടെത്തി. തുടർന്ന് കുന്നംകുളം പോലീസിനെ അറിയിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പോലീസ് കേസ് രജിസ്റ്റർ ചെയ്തുവെങ്കിലും അതിജീവിത പ്രതിയെ പേടിച്ച് പ്രതിയുടെ പേര് പറഞ്ഞിരുന്നില്ല. പിന്നീട് കൗൺസിലിംഗ് നടത്തിയതിനു ശേഷമാണ് പ്രതിയുടെ പേര് പറഞ്ഞത്. കേസിൽ 28 സാക്ഷികളെ വിസ്തരിക്കുകയും ശാസ്ത്രീയ തെളിവുകളും ഹാജരാക്കിയതിനെ തുടർന്ന് കോടതി പ്രതിയെ ശിക്ഷിക്കുകയായിരുന്നു. കുന്നംകുളം പോലീസ് ഇൻസ്പെക്ടർ
യു കെ ഷാജഹാനാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ് ബിനോയും ഹാജരായി. പ്രോസിക്യൂഷന് സഹായിക്കുന്നതിനായി ഗ്രേഡ് എ.എസ്.ഐ എം ഗീത പ്രവർത്തിച്ചു.