ചാവക്കാട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമ്മാണം നടത്തുന്ന കരാർ കമ്പനിയുടെ അനധികൃത കയ്യേറ്റത്തിനെതിരെ നടപടി വേണമെന്ന് എൻ.എച്ച് ആക്ഷൻ കൗൺസിൽ ചാവക്കാട് താലൂക്ക് കൺവീനർ സി ഷറഫുദ്ദീൻ ആവശ്യപ്പെട്ടു. നേരത്തെ സർവേ നടത്തി അതിരിട്ട ഭൂമിക്കു പിറകിലുള്ള ഭൂമിയിലേക്ക് അനധികൃത കയ്യേറ്റ ശ്രമം നടത്തുകയും തെങ്ങുകൾ ഉൾപ്പടെയുള്ളവ ഉടമയുടെ അനുമതി ചോദിക്കാതെ മുറിച്ചു മാറ്റുന്നതായും ആരോപണമുയർന്നിട്ടുണ്ട്. ഇതിനെതിരെ ജനപ്രതിനിധികൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെയും ഇത്തരം കയ്യേറ്റ ശ്രമങ്ങൾ ഉണ്ടായിരുന്നു. ഇതേ തുടർന്ന് കൊടുങ്ങല്ലൂർ സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടറെ സമീപിച്ചപ്പോൾ ഏറ്റെടുത്തിട്ടുള്ള ഭൂമി ഹൈവേക്ക് കൈമാറിയതാണെന്നും ഇനി അവർക്ക് ഉത്തരവാദിത്വമില്ലെന്നും അറിയിച്ചിരുന്നു. ഇപ്പോൾ വീണ്ടും കമ്പനി അധികൃതർ സ്ഥലം കൈയ്യേറാൻ ശ്രമിക്കുന്നത് അടിയന്തരമായി നിർത്തിയില്ലെങ്കിൽ സമരപരിപാടികൾ ആരംഭിക്കും. ഇതു സംബന്ധിച്ച് എം.എൽ.എക്ക് നിവേദനം നൽകുമെന്നും അദ്ദേഹം പറഞ്ഞു.