ചാവക്കാട്: രണ്ടുപേരെ ഇടിച്ചുതെറിപ്പിച്ച വാഹനത്തെ സാഹസികമായി പിടികൂടി ചാവക്കാട് ഹൈവേ പോലീസ്. ഞായറാഴ്ച രാത്രി 11.00 മണിയോടെയാണ് പെരുമ്പടപ്പ് വെച്ചാണ് ബൈക്കിൽ പോയിരുന്ന രണ്ടുപേരെ ഒരു കാർ ഇടിച്ചു തെറിപ്പിച്ചത്. സംഭവം കണ്ടവർ ഓടിയെത്തിയെങ്കിലും കാർ നിറുത്താതെ പോയി. എന്നാൽ ചിലർ കാറിൻെറ നമ്പർ കുറിച്ചുവച്ച് ഉടൻതന്നെ പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിലേക്ക് വിവിരം അറിയിച്ചു. പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിൽ നിന്നും അടുത്ത പോലീസ് സ്റ്റേഷനായ തൃശൂർ ജില്ലയിലെ വടക്കേക്കാട്, ചാവക്കാട് എന്നീ സ്റ്റേഷനുകളിലേക്ക് ഇക്കാര്യം അറിയിക്കുകയും ചെയ്തു. ചാവക്കാട് സ്റ്റേഷനിലേക്ക് വിവരം കിട്ടിയപ്പോൾ സ്റ്റേഷനിൽ നിന്നും ഉടൻതന്നെ ഹൈവേ പട്രോളിങ്ങ് വാഹനത്തിലേക്ക് സന്ദേശം കൈമാറി. ചാവക്കാട് തീരദേശ ഹൈവേ പട്രോളിങ്ങ് വാഹനമായി കിലോ 20 യിലെ നൈറ്റ് ഡ്യൂട്ടി ഓഫീസറായ സബ് ഇൻസ്പെ്കടർ ജലീൽ കൂടെയുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർമാരായ ജിനൂപ്, കിരൺ, സോനു എന്നിവരേയും ഇക്കാര്യം അറിയിച്ച് വാഹന പരിശോധന ശക്തമാക്കുകയും ചെയ്തു. 45 മിനിറ്റിനു പരിശോധനയ്ക്കു ശേഷം ചാവക്കാട് മണത്തല മുല്ലത്തറയിൽ പരിശോധന നടത്തികൊണ്ടിരിക്കുമ്പോഴാണ് ഒരു കാർ വളരെ വേഗതയോടെ വന്നത്. സംശയിച്ച കാർ തന്നെയാണെന്നു നമ്പർ നോക്കി മനസ്സിലാക്കിയ പോലീസുദ്യോഗസ്ഥർ റോഡിലിറങ്ങി നിറുത്തുന്നതിനായി കൈകാണിച്ചെങ്കിലും പോലീസുകാർക്കുനേരെ അമിതവേഗത്തിൽ കാർ പാഞ്ഞടുക്കുകയും ചെയ്തു. അപകടാവസ്ഥയിൽ നിന്നും മാറിയ പോലീസുകാർ കാറിനു പുറകേ വാഹനത്തിൽ പിൻതുടരുകയും സാഹസികമായി കാർ ഓടിച്ചിരുന്നയാളെ പിടികൂടുകയും ചെയ്തു. അലർട്ട് മെസേജിൽ പറഞ്ഞ വാഹനം തന്നെയാണ് ഉറപ്പുവരുത്തി വാഹനവും ഡ്രൈവറേയും ചാവക്കാട് പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. പിന്നീട് വടക്കേക്കാട് പോലീസ് സ്റ്റേഷനിലേക്ക് വിവരം അറിയിച്ച് പെരുമ്പടപ്പ് പോലീസ് സ്റ്റേഷന് വിവരം കൈമാറുകയും ചെയ്തു. ഇതോടെ പെരുമ്പടപ്പ് പോലീസെത്തി എറണാകുളം സ്വദേശിയായ ഡ്രൈവറേയും വാഹനവും പെരുമ്പടപ്പ് പോലീസ് സ്ഥലത്തെത്തി കൊണ്ടുപോവുകയും ചെയ്തു.