Thursday, October 3, 2024

വീട് പണി പാതി വഴിയിൽ നിലച്ചു; 11,68,600 രൂപയും പലിശയും നൽകുവാൻ തൃശൂർ ഉപഭോക്തൃ കോടതി വിധി

തൃശൂർ: നിശ്ചയിച്ച സമയത്തിനുള്ളിൽ വീട് പണി പൂർത്തിയാക്കാതിരുന്നതിനെത്തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. കാഞ്ഞാണി സ്വദേശി ഷിബു കൊല്ലാറ ഫയൽ ചെയ്ത ഹർജിയിലാണ് കോയമ്പത്തൂരിലുള്ള ഇന്നോക്സ് സ്ട്രക്ചറൽ സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ വിധിയായത്. നാല് മാസം കൊണ്ട് പണി പൂർത്തീകരിച്ച് നല്കാമെന്ന് വാക്കാൽ പറഞ്ഞാണ് എതിർകക്ഷി പണി ഏറ്റെടുത്തിരുന്നത്. അപ്രകാരം പണി നടത്തുന്നതിൽ വീഴ്ച വരുത്തിയപ്പോൾ രേഖാപരമായി കരാറുണ്ടാക്കുകയായിരുന്നു. 1972 സ്ക്വയർ ഫീറ്റ് വരുന്ന വീട്, സ്ക്വയർ ഫീറ്റിന് 1200 രൂപ വെച്ച് മൊത്തം 23,66,400 രൂപക്ക് പൂർത്തിയാക്കാമെന്നാണ് എതിർകക്ഷി ഏറ്റിരുന്നത്. നിലവിലുള്ള വീട് പൊളിച്ചുകളഞ്ഞാണ് പുതിയ വീട് പണി ആരംഭിച്ചിരുന്നത്. എന്നാൽ ഭാഗികമായി പണികൾ നിർവ്വഹിച്ച് തുടർന്ന് ചെയ്യാതിരിക്കുകയായിരുന്നു. പരമ്പരാഗതസമ്പ്രദായത്തിൽ നിന്ന് വ്യത്യസ്തമായ നിർമ്മിതിയായിരുന്നു വീടിന് നിശ്ചയിച്ചിരുന്നത്. പണികൾ എതിർകക്ഷി നിർവ്വഹിക്കാതിരുന്നതിനാൽ ഇരുമ്പ് തൂണുകളും കോണിയും മറ്റും തുരുമ്പ് പിടിച്ച് നിൽക്കുന്ന അവസ്ഥയിലായി തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. ഇതോടെ കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി സാബു, മെമ്പർമാരായ ശ്രീജ എസ്, ആർ റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് എതിർകക്ഷി നിയമവിരുദ്ധമായി ഈടാക്കിയ 758600 രൂപയും നഷ്ടപരിഹാരമായി 4,00,000 രൂപയും ചിലവിലേക്ക് 10,000 രൂപയും അടക്കം 11,68,600 രൂപയും ഹർജി തിയ്യതി മുതൽ 9 % പലിശയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി ബെന്നി ഹാജരായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments