തളിക്കുളം: സ്വച്ഛതാ ഹി സേവ ക്യാമ്പയിനിന്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ തൃശൂർ തളിക്കുളം ബീച്ചിൽ കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്വച്ഛഭാരത് പരിപാടിയിൽ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയായി. വൃത്തിയും ആരോഗ്യവും ഉള്ള ഒരു രാഷ്ട്രത്തിന്റെ വികസനത്തിനായി ‘സ്വച്ഛത ഹി സേവ’ ശുചിത്വ യജ്ജം ഇനി മുടക്കം കൂടാതെ എന്നന്നേക്കുമായി തുടരണമെന്ന് സുരേഷ് ഗോപി പറഞ്ഞു. മഹാത്മജിയുടെ ജന്മദിനം ആഘോഷിക്കുന്നു എന്നതിലുപരി അർപ്പണ ബോധത്തോടെ ആചരിക്കുകയും ആദരിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ് ലോക ജനത. പ്രധാനമന്ത്രി വിഭാവനം ചെയ്ത സ്വച്ഭാരത് വർഷങ്ങളായി മുന്നോട്ട് പോകുന്നു, അത് ഇനിയും നല്ല രീതിയിൽ മുന്നോട്ട് പോകണമെന്നും ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്ത സംസാരിക്കവേ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. തളിക്കുളം ബീച്ചിലെ സ്വച്ഛതാ ക്യാമ്പയിൻ ഫ്ലാഗ് ഓഫ് ചെയ്ത കേന്ദ്ര സഹമന്ത്രി കടലോരത്തെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിലും പങ്കാളിയായി. സ്കൂൾ കുട്ടികൾക്കും എൻ.സി. സി കേഡറ്റുകൾക്കും മാലിന്യ നിർമാജന പ്രവർത്തകർക്കും കേന്ദ്ര സഹമന്ത്രി വൃക്ഷത്തൈകൾ വിതരണം ചെയ്തു. വിവിധ എൻ.ജി.ഒ, എൻ.എസ്.എസ്, എൻ.സി.സി കേഡറ്റുകൾ, സ്കൂൾ കുട്ടികൾ, പങ്കാളികൾ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഡി.ഐ.ജി എൻ രവി, കോസ്റ്റ് ഗാർഡ് ജില്ലാ കേരള ആൻ്റ് മാഹി ജില്ലാ കമാൻഡർ, കമാൻഡൻ്റ് സന്ദീപ് സിംഗ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.