ഗുരുവായൂർ : ദോശയ്ക്കും ചപ്പാത്തിക്കും മാവു കുഴയ്ക്കുന്ന യന്ത്രത്തിൽ വനിതാ തൊഴിലാളിയുടെ കൈ കുടുങ്ങി. അഗ്നി രക്ഷാസേനയെത്തിയാണ് രക്ഷപ്പെടുത്തിയത്. ഇരിങ്ങപ്പുറത്തുള്ള സ്വകാര്യ ഭക്ഷ്യനിർമാണ യൂണിറ്റിലായിരുന്നു സംഭവം. തിരുവെങ്കിടം ആലുക്കൽ സുബ്രന്റെ ഭാര്യ സരോജിനിയുടെ കൈ ആണ് കുടുങ്ങിയത്. യന്ത്രം പ്രവർത്തിക്കുന്നതിനിടെ സരോജിനിയുടെ വലതുകൈ ഉള്ളിൽപ്പെടുകയായിരുന്നു. പെട്ടെന്ന് യന്ത്രം ഓഫാക്കിയെങ്കിലും കൈ എടുക്കാനായില്ല. ഗുരുവായൂരിൽനിന്ന് അഗ്നി രക്ഷാസേനയെത്തി യന്ത്രം മുറിച്ചാണ് കൈ പുറത്തേക്കെടുത്തത്. സാരമായി മുറിവേറ്റ ഇവരെ തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.