Friday, September 27, 2024

പിണറായിക്കെതിരെ ആഞ്ഞടിച്ച് പി.വി അൻവർ; ‘മുഖ്യമന്ത്രി എന്നെ ചതിച്ചു, പിണറായി എന്ന സൂര്യൻ കെട്ടുപോയി’; പി. ശശി കാട്ടുകള്ളനെന്നും അൻവർ

നിലമ്പൂര്‍: മുഖ്യമന്ത്രി പിണറായി വിജയനും പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കുമെതിരേ കടുത്ത വിമര്‍ശനവുമായി അന്‍വര്‍. പി. ശശിയെ കാട്ടുകള്ളന്‍ എന്ന് അഭിസംബോധന ചെയ്ത അൻവർ ശശിതന്നെയാണ് മുഖ്യമന്ത്രിയെ വികൃതമാക്കി മാറ്റുന്നതെന്നും ആരോപിച്ചു. കേരളത്തില്‍ ജ്വലിച്ചുനിന്നിരുന്ന സൂര്യനായിരുന്നു മുഖ്യന്ത്രിയെന്നും അത് കെട്ടുപോയെന്നും അന്‍വര്‍ പറഞ്ഞു. നിലമ്പൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അന്‍വര്‍ ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്.

മുഖ്യമന്ത്രി തന്നെ ചതിച്ചുവെന്ന് അൻവർ പറഞ്ഞു. ആരോപണങ്ങൾ ഉന്നയിച്ചതിനു ശേഷം മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങളും അൻവർ പത്രസമ്മേളനത്തിൽ പങ്കുവെച്ചു. മുഖ്യമന്ത്രിയുമായുള്ള സംസാരത്തില്‍ അദ്ദേഹത്തിന് എന്തോ നിസ്സഹായാവസ്ഥയുണ്ടെന്ന് തനിക്ക് മനസിലായെന്നും അദ്ദേഹ പറഞ്ഞു.

‘അഞ്ചുമിനിറ്റാണ് കൂടിക്കാഴ്ചയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അരമണിക്കൂര്‍ കണ്ടെന്ന് ഞാന്‍ തള്ളാന്‍ ഉദ്ദേശിച്ചതല്ല. മുഖ്യമന്ത്രി എങ്ങനെയൊക്കെ എന്നെ ചതിച്ചുവെന്ന് കേരളത്തിലെ സഖാക്കള്‍ മനസിലാക്കണം. പോലീസിന്റെ ഏകപക്ഷീയവും വര്‍ഗീയവുമായ നിലപാടിനെ കുറേക്കാലമായി ഞാന്‍ ചോദ്യംചെയ്യുന്നു. ഏകപക്ഷീയമായി സഖാക്കളെ അടിച്ചമര്‍ത്തുക, പോലീസിന്റെ ആര്‍.എസ്.എസ്. വത്കരണം എന്നിവയ്‌ക്കെതിരെ എനിക്ക് വികാരമുണ്ടായിരുന്നു’, അന്‍വര്‍ പറഞ്ഞു.

‘ഞാനെന്റെ പിതാവിന്റെ സ്ഥാനത്ത് കണ്ട് വിശ്വസ്തനായി നില്‍ക്കുന്ന വ്യക്തിയുടെ മുന്നില്‍ കാര്യങ്ങള്‍ പറഞ്ഞു. എനിക്ക് പറയാനുള്ളതെല്ലാം കേട്ടുകഴിഞ്ഞ മുഖ്യമന്ത്രി ഇങ്ങനെയൊക്കെയായാല്‍ എന്താ ചെയ്യുകയെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ നിശ്വാസം എന്റെ നെഞ്ചില്‍ തട്ടി. എന്തോ നിസ്സാഹയവസ്ഥ എനിക്ക് മനസിലായി. അരീക്കോട് സംഭവത്തിന് പിന്നാലെ പോയശേഷം കാട്ടുകള്ളന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി തന്നെയാണ് ഈ മനുഷ്യനെ കേരളത്തില്‍ വികൃതമാക്കുന്നത്. പോലീസുമായി ബന്ധപ്പെട്ട ഒരുകാര്യവും മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്യുന്നില്ല. ആ കാട്ടുകള്ളനെ താഴെയിറക്കണമെന്ന് ഞാന്‍ ദൃഢപ്രതിജ്ഞചെയ്തതാണ്’, അന്‍വര്‍ വ്യക്തമാക്കി.

‘മുഖ്യമന്ത്രിയുടെ വ്യക്തിപ്രഭാവംകൊണ്ടാണ് വീണ്ടും അധികാരത്തിലെത്തിയത്. കേരളത്തില്‍ കത്തിജ്വലിച്ചുനില്‍ക്കുന്ന സൂര്യനായിരുന്നു. മുഖ്യമന്ത്രിക്ക് അറിയില്ലായിരിക്കും, ആ സൂര്യന്‍ കെട്ടുപോയിട്ടുണ്ട്. നൂറില്‍നിന്ന് മുഖ്യമന്ത്രിയുടെ ഗ്രാഫ് പൂജ്യത്തിലേക്ക് ഇറങ്ങി. കേരളത്തിലെ സാധാരണക്കാരായ മനുഷ്യര്‍ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കും മുഖ്യമന്ത്രിയോട് വെറുപ്പാണ്. ഇതിനുമുഴുവന്‍ കാരണക്കാരനും അവനാണെന്ന് ഞാന്‍ ശശിയുടെ കാബിന്‍ ചൂണ്ടി മുഖ്യമന്ത്രിയോട് പറഞ്ഞു. ഇനി അവനെ വിശ്വസിക്കരുതെന്നും അദ്ദേഹത്തോട് പറഞ്ഞു’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments