വാടാനപ്പള്ളി: പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട മോഷണ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. വാടാനപ്പള്ളി സ്വദേശി ബാദുഷ യെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് നിന്നാണ് ബാദുഷയെ പിടികൂടിയത്. മതിലകം പുതിയകാവിലെ സ്ഥാപനത്തിൽ നിന്ന് ആറ് ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് മോഷ്ടിച്ച കേസിലാണ് ബാദുഷയെ അറസ്റ്റ് ചെയ്തത്. മലഞ്ചരക്ക് കടത്താനുപയോഗിച്ച വാഹനം ഇയാൾ കായംകുളത്ത് നിർത്തിയിട്ടിരുന്നു. ഇതെടുക്കാനായി പോലീസ് ജീപ്പിൽ പോയി, തിരികെ വരുന്നതിനിടെയാണ് ഇയാൾ രക്ഷപ്പെട്ടത്. ആലപ്പുഴ എസ്.ഡി കോളേജിനുത്ത് വെച്ച് ഭക്ഷണം കഴിക്കാൻ തട്ടുകടയിൽ വാഹനം നിർത്തിയ സമയത്ത് കൈയ്യിൽ വിലങ്ങുമായി ഓടി രക്ഷപ്പെടുകയായിരുന്നു. നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ബാദുഷ. മതിലകം പോലീസും, കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ചും ചേർന്നാണ് പ്രതിയെ പിടികൂടിയത്. മതിലകം ഇൻസ്പെക്ടർ എം.കെ ഷാജി, എസ്.ഐമാരായ രമ്യ കാർത്തികേയൻ, മുഹമ്മദ് റാഫി,ജിംബിൾ, സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ മുഹമ്മദ് അഷറഫ്, എ.എസ്.ഐമാരായ പ്രജീഷ്, ഷൈജു, സി.പി.ഒ മാരായ ഗോപി തങ്കച്ചൻ, ആന്റണി, ഷിഹാബ്, സൈബർ സെൽ ഉദ്യോഗസ്ഥൻ റിജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.