Sunday, September 22, 2024

തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ; എ.ഡി.ജിപി അജിത്ത്കുമാറിന്‍റെ അന്വേഷണ റിപ്പോർട്ട് തള്ളി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ

തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെടുത്തലുമായി ബന്ധപ്പെട്ട് എ.ഡി.ജിപി അജിത്ത്കുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോർട്ട് തള്ളി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ. അന്വേഷണ റിപ്പോര്‍ട്ട് ഇങ്ങനെ ഉണ്ടാകുമെന്ന് അറിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ പറഞ്ഞു.

പൂരത്തിന്‍റെ തുടക്കം മുതലേ പാളിച്ചകൾ മനസ്സിലായിട്ടുണ്ട്. ഏറ്റവും കൂടുതൽ കച്ചവടം കിട്ടുന്ന പൂരം സാമ്പിൾ ദിവസം പ്രദർശനത്തിലെ കടകൾ പൊലീസ് വന്ന് ബലമായി അടപ്പിച്ചു. അവിടെ ചുമതയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അറിയാതെയായിരുന്നു പൊലീസുകാർ വന്ന് കടകൾ അടപ്പിച്ചത്. പൂരം പ്രദർശനത്തിന് മുൻ വർഷത്തെ അപേക്ഷിച്ച് 20000 ടിക്കറ്റ് കുറവ് വന്നു. അതൊരു ടെസ്റ്റ് ഡോസ് ആയിരുന്നു. അതുകഴിഞ്ഞ് ആനകളുടെ വിഷയം വന്നു. ആളുകൾ 50 മീറ്റർ മാറിനിൽക്കണമെന്ന് പറഞ്ഞു. ഒരു ദിവസം കാലത്ത് മുതൽ ഇരു ദേവസ്വങ്ങളിലും പ്രശ്നങ്ങൾ ഉണ്ടാക്കി.

ഭഗവാനെയും ഭഗവതിയെയും ആദരിക്കുന്ന സമയത്ത് കയറുമായി എത്തി പൊലീസുകാർ തടഞ്ഞു. ആനകളെ തടയുന്ന കാര്യത്തിൽ എൻ.ജി.ഒയുടെ വലിയ ഫണ്ട് ഉണ്ട്. വലിയ ഗൂഢാലോചന പൂരം കലക്കാൻ നടന്നു. മുൻ വർഷങ്ങളിലും ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇക്കൊല്ലം പക്ഷേ അത് അതിരുകടന്നു. ഇക്കൊല്ലം ദേവസ്വങ്ങൾക്ക് പിടിച്ചുനിൽക്കാൻ ആയില്ല.

ദേവസ്വം ഒരു ചാഞ്ഞു കിടക്കുന്ന മരമാണ്. അതിന്‍റെ മേൽ കയറാൻ എല്ലാവർക്കും കഴിയും. അവസാനം ദേവസ്വങ്ങളുടെ മേൽതന്നെ വരുമെന്ന് ഉത്തമവിശ്വാസം തനിക്ക് ഉണ്ടായിരുന്നുവെന്നും ഗിരീഷ് കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments