ചാവക്കാട്: ചാവക്കാട് നിന്നും കാണാതായ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ ചാവക്കാട് പൊലീസ് ഇൻസ്പെക്ടർ വി.വി വിമലിൻ്റെ നേതൃത്വത്തിൽ ബാംഗ്ലൂർ നിന്നും കണ്ടെത്തി. ഇക്കഴിഞ്ഞ 13 നാണ് വീട്ടു വഴക്കിനെ തുടർന്ന് ചാവക്കാട് സ്വദേശികളായ രണ്ട് കുട്ടികൾ വീട് വിട്ടു പോയത്. ഉടനെ തന്നെ ഗുരുവായൂർ എ.സി.പിയുടെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണത്തിനിടയിൽ ഇവർ ട്രെയിനിൽ മംഗലാപുരത്ത് എത്തിയതായും ഇവർ അവിടെ നിന്നും പരിചയപ്പെട്ട ഒരാളിന്റെ കയ്യിൽ നിന്നും പൈസ വാങ്ങി ഇവർ മംഗലാപുരത്ത് നിന്നും ബംഗ്ലൂർക്ക് പോയിട്ടുള്ളതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. പിന്നീട് പോലിസ് ബാംഗ്ലൂർ നിന്നും ഇവരെ കണ്ടെത്തി നാട്ടിലെത്തിക്കുകയായിരുന്നു. സബ് ഇൻസ്പെക്ടർമാരായ പ്രീത ബാബു, യു ശ്രീജി, സിവിൽ പൊലീസ് ഓഫിസർമാരായ ഹംദ്, മെൽവിൻ, തൃശൂർ സിറ്റി സൈബർ സെൽ ഉദ്യോഗസ്ഥർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.