Thursday, September 19, 2024

യെച്ചൂരിക്ക് അന്ത്യാഭിവാദ്യമർപ്പിച്ച് നേതാക്കൾ; മൃതദേഹം എയിംസിന്‌ കൈമാറും

ന്യൂഡൽഹി: പ്രിയസഖാവിന് അന്ത്യാഭിവാദ്യമർപ്പിച്ച് രാജ്യതലസ്ഥാനം. എ.കെ.ജി. ഭവനിൽ പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹം യെച്ചൂരിയുടെ ആഗ്രഹപ്രകാരം ഗവേഷണപഠനത്തിനായി എയിംസ് ആശുപത്രിക്ക് കൈമാറും. എ.കെ.ജി. ഭവനിൽനിന്ന്, മുൻപ് സി.പി.എം. ഓഫീസ് പ്രവർത്തിച്ച അശോക റോഡിലെ റോഡ് 14 വരെ നേതാക്കൾ വിലാപയാത്രയായി മൃതദേഹംവഹിച്ചുള്ള ആംബുലൻസിനെ അനുഗമിക്കും. അവിടെ നിന്ന് മൃതദേഹം എയിംസിന് വിട്ടുനൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.

സീതാറാം യെച്ചൂരിയുടെ ഭൗതികശരീരം വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ ആംബുലൻസിൽ അദ്ദേഹം വിദ്യാർഥിരാഷ്ട്രീയജീവിതത്തിന് തുടക്കംകുറിച്ച ജെ.എൻ.യു. കാമ്പസിനകത്തെ വിദ്യാർഥിയൂണിയൻ സെന്റെറിലെത്തിച്ചിരുന്നു. എസ്.എഫ്.ഐ. പ്രവർത്തകർ നെഞ്ചുപൊട്ടുമാറുച്ചത്തിൽ ലാൽസലാം മുഴക്കി പ്രിയസഖാവിന് വികാരനിർഭരമായ യാത്രയയപ്പ് നൽകി. അവിടെനിന്ന് വൈകീട്ട് ആറോടെയാണ് വസന്തകുഞ്ചിലെ വസതിയിൽ ഭൗതികശരീരം എത്തിച്ചത്. കനത്ത മഴയത്താണ് ജെ.എൻ.യു.വിലെത്തിച്ചതും പിന്നീട് വസതിയിലേക്ക് കൊണ്ടുവന്നതും. വസതിയിൽ നേതാക്കൾക്കുമാത്രമായിരുന്നു സന്ദർശനാനുമതി.

കേരളത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മന്ത്രിമാരായ പി. രാജീവ്, പി.എ. മുഹമ്മദ് റിയാസ്, എം.ബി. രാജേഷ്, വി.എൻ. വാസവൻ, പി.കെ. ശ്രീമതി, കെ.കെ. ശൈലജ അടക്കമുള്ളവർ എത്തിയിട്ടുണ്ട്. സിപിഎം കേന്ദ്ര – സംസ്ഥാന നേതാക്കൾ തങ്ങളുടെ പ്രിയ സഖാവിന് അന്ത്യാഭിവാദ്യമർപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments