Saturday, November 23, 2024

റെക്കോർഡ് വിവാഹങ്ങളുടെ നടത്തിപ്പ്: ജീവനക്കാർക്ക് ദേവസ്വം ഭരണസമിതിയുടെ അനുമോദനം

ഗുരുവായൂർ: സെപ്തംബർ 8 ന് ഗുരുവായൂർ ക്ഷേത്രത്തിൽ 334  വിവാഹങ്ങൾ പരാതിയേതുമില്ലാതെ വിജയകരമായി നടത്തിയതിന് ജീവനക്കാർക്ക് ദേവസ്വം ഭരണസമിതിയുടെ അനുമോദനം.  ഭരണസമിതി യോഗത്തിലേക്ക് ബന്ധപ്പെട്ട ജീവനക്കാരെ ക്ഷണിച്ചു വരുത്തിയാണ് ദേവസ്വം അനുമോദിച്ചത്. ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ അധ്യക്ഷത വഹിച്ചു. ദർശനത്തിനെത്തിയ ഭക്തജനങ്ങൾക്കും വിവാഹസംഘങ്ങൾക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ റെക്കോർഡ് വിവാഹങ്ങൾ സമയബന്ധിതമായി നടത്താനായതിൽ ബന്ധപ്പെട്ട എല്ലാവരെയും അഭിനന്ദനം അറിയിക്കുന്നതായി ചെയർമാൻ ഡോ.വി.കെ വിജയൻ പറഞ്ഞു.

ഇത് കൂട്ടായ്മയുടെ വിജയമാണ്. അസാധ്യമായത് സാധ്യമാക്കാൻ കഴിയുമെന്ന് ജീവനക്കാർ തെളിയിച്ചു. ജീവനക്കാരുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി വിനയനും ഭരണ സമിതി പ്രത്യേകം അഭിനന്ദനം രേഖപ്പെടുത്തി. യോഗത്തിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി ദിനേശൻ നമ്പൂതിരിപ്പാട്, സി മനോജ്, കെ.പി വിശ്വനാഥൻ, വി.ജി രവീന്ദ്രൻ, മനോജ് ബി നായർ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ എന്നിവർ സന്നിഹിതരായി. വിവിധ വിഭാഗം ജീവനക്കാരെ പ്രതിനിധീകരിച്ച് ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ( ക്ഷേത്രം) പ്രമോദ് കളരിക്കൽ, ഹെൽത്ത് സൂപ്പർവൈസർ എം.എൻ രാജീവ് (ആരോഗ്യ, ശുചീകരണ വിഭാഗം),  സെക്യുരിറ്റി സൂപ്പർവൈസർ എസ് സുബ്രഹ്മണ്യൻ (സെക്യൂരിറ്റി ജീവനക്കാർ ) മറ്റ് ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments