തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള ശ്രീ കേരളവര്‍മ്മ കോളേജില്‍ സഹപാഠിയെ ലൈംഗികപീഡനത്തിന് വിധേയനാക്കിയ എസ്.എഫ്. ഐ മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ വിദ്യാര്‍ത്ഥി അറസ്റ്റ് ചെയ്യപ്പെട്ട് മൂന്നാഴ്ച കഴിഞ്ഞിട്ടും മാനേജ്മെന്റിന്റെയും അധ്യാപകരുടെയും മൗനം അപമാനകരമാണെന്ന് കെ.പി.സി.സി സെക്രട്ടറി എ പ്രസാദ് പറഞ്ഞു. വിദ്യാർത്ഥിനി അതിക്രൂരമായ പീഡനത്തിന് ഇരയായ സമയത്തും ആശുപത്രിയിൽ ചികിത്സ തേടിയിട്ടും വിദ്യാർത്ഥിനി കോളേജിൽ നിന്ന് പഠിപ്പു നിർത്തി പോയിട്ടും അധികാരികൾ ഈ സംഭവങ്ങൾ അറിഞ്ഞില്ല എന്ന് പറയുന്നത് വിശ്വാസയോഗ്യമല്ല. അറിഞ്ഞിട്ടും കോളേജിലെ ഉത്തരവാദിത്വപ്പെട്ടവർ മൗനം പാലിച്ച് ഗൂഢാലോചന നടത്തി പ്രതിക്കു രക്ഷപ്പെടുന്നതിനാവശ്യമായ സഹായം നൽകി എന്നത് വ്യക്തമാണെന്ന് അദ്ദേഹം ആരോപിച്ചു.
2023 മെയ് മാസത്തില്‍ കോളേജ് അവധിക്കാലത്ത് ഡിസോൺ മത്സരങ്ങളുടെ തയാറെടുപ്പിന്റ സമയത്ത് ക്ലാസ് മുറിയില്‍ വെച്ച് തനിക്ക് നേരെ അതിക്രൂരമായ പീഡനം നടന്നുവെന്ന കോളേജിലെ തന്നെ വിദ്യാർഥിനിയുടെ പരാതിയിലാണ് തൃശൂർ വെസ്റ്റ് പോലീസ് കേസെടുത്തിട്ടുള്ളത്. സംഭവം പോലീസില്‍ പരാതിയായി എത്തുന്നത് 2024 ആഗസ്റ്റ് 12 നാണ്. തുടർന്ന് വെസ്റ്റ് പോലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുക്കുകയും പ്രതിയായ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതിയായ വിദ്യാർത്ഥി ഇപ്പോള്‍ വിയ്യൂര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. കോളേജ് മാനേജ്മെന്റോ കോളേജ് പ്രിൻസിപ്പലോ ഈ വിഷയത്തില്‍ അഭിപ്രായപ്രകടനത്തിന് മുതിര്‍ന്നിട്ടില്ല എന്നത് അപമാനകരമാണ്. വെസ്റ്റ് പോലീസില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ട് ലഭിച്ചശേഷം പ്രതിയായ വിദ്യാർത്ഥിയെ സസ്‌പെന്‍ഡ് ചെയ്തത് മാത്രമാണ് ആകെ നടന്ന നടപടി എന്നാണ് മനസ്സിലാക്കുന്നത്. ഇത്രയും ഗൗരവമേറിയ വിഷയം നടന്നിട്ടും കോളേജ് മാനേജ്മെന്റോ, കോളേജ് പ്രിൻസിപ്പലോ, കോളേജിലെ അച്ചടക്ക കമ്മിറ്റിയോ ഇത്തരം സാഹചര്യം ഭാവിയില്‍ സംഭവിക്കുന്നത് ഒഴിവാക്കാന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നുള്ളത് കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിനികളുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണ്. കോളേജ് മാനേജ്‌മെന്റായ കൊച്ചിന്‍ ദേവസ്വം ബോര്‍ഡും കോളേജ് മാനേജർ കൂടിയായ കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറിയും വിഷയത്തില്‍ മൗനം തുടരുന്നത് കുറ്റകരമായ അനാസ്ഥയാണെന്നും കോളേജിന്റെ മാനേജരും കോളേജ് പ്രിൻസിപ്പലും വനിതകളായിരിക്കെ ഒരു വിദ്യാർത്ഥിനിക്ക് നേരെയുണ്ടായ അതിക്രൂരമായ പീഡനത്തെ ലഘൂകരിച്ച് കാണുന്നത് അത്ഭുതം ഉണ്ടാക്കുന്നതാണെന്നും സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന് കോളേജിലെ അന്തരീക്ഷം തടസ്സമാണെന്ന ഭയാനകമായ അവസ്ഥയാണ് ഇത് കാണിക്കുന്നതെന്നും കോളേജിലെ വിദ്യാർത്ഥിനികളുടെ സുരക്ഷ സംബന്ധിച്ച് രക്ഷാകർത്താക്കൾക്ക് ആശങ്ക ഉണ്ടാക്കുന്നതാണ് പ്രസ്തുത സംഭവങ്ങളെന്നും എ പ്രസാദ് പറഞ്ഞു.
പൊതുസമൂഹത്തിലെ തെറ്റുകൾക്ക് നേരെയും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വരെ അഭിപ്രായം പറയുന്ന കേരളയിലെ അധ്യാപക സമൂഹം ഒരു വിദ്യാർത്ഥിനി അതിക്രൂരമായി ക്ലാസ് റൂമിൽ പീഡനത്തിനിരയായിട്ടും മൗനം പാലിക്കുന്നത് പ്രൗഢമായ കേരളവർമ്മയുടെ പാരമ്പര്യത്തിൽ തന്നെ അപമാനമാണ്. പ്രസ്തുത വിഷയം സംബന്ധിച്ച് കോളേജ് മാനേജ്മെന്റ് അടിയന്തരമായ അന്വേഷണം നടത്തണമെന്നും ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ ആവശ്യമായ അടിയന്തരമായ നടപടികൾ കൈക്കൊള്ളണമെന്നു താല്പര്യപ്പെട്ടുകൊണ്ടും കോളേജ് മാനേജർ കൂടിയായ കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറിയെ നേരിട്ടുകണ്ട് കെ.പി.സി.സി സെക്രട്ടറി എ പ്രസാദ് പരാതി സമർപ്പിച്ചു.
പരാതിയുടെ പകർപ്പ് പകർപ്പ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ:ആർ ബിന്ദു, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ്, ശ്രീ കേരള വർമ്മ കോളേജ് പ്രിൻസിപ്പൽ എന്നിവർക്ക് നൽകിയതായും എ. പ്രസാദ് പറഞ്ഞു.