പുന്നയൂർ: എടക്കഴിയൂർ വളയംതോട് കണ്ണഞ്ചിറ പാടത്ത് കക്കൂസ് മാലിന്യം തള്ളിയ ടാങ്കർ ലോറി പോലീസ് പിടികൂടി. ഒരുമനയൂർ മാങ്ങോട്ടുപടി സ്വദേശി ദലീലിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ടാങ്കർ ലോറി. സെപ്റ്റിക് മാലിന്യം ടാങ്കർ ലോറിയിൽ കൊണ്ടുവന്ന കണ്ണഞ്ചിറ പാടത്തിനടുത്ത് ലോറി മാലിന്യം പുറത്തേക്ക് ഒഴുക്കി വിടുന്നതിനിടയിൽ നാട്ടുകാർ വാഹനത്തിന്റെ ഫോട്ടോ എടുക്കുകയും വിവരം പഞ്ചായത്ത് അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് പഞ്ചായത്ത് സെക്രട്ടറി നൽകിയ പരാതിയിലാണ് വടക്കേക്കാട് പോലീസ് അന്വേഷണം നടത്തി ലോറി പിടികൂടിയത്. തീരദേശ മേഖലയിലെ ഹോട്ടലുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ സെപ്റ്റിക് മാലിന്യമാണ് ആളൊഴിഞ്ഞ പ്രദേശങ്ങളിൽ എത്തിച്ച് പുറത്തേക്കൊഴുക്കിയിരുന്നത്. ഇതിനുമുമ്പും ഒരുമനയൂർ സ്വദേശിയുടെ വാഹനം പാലയൂർ ചക്കംകണ്ടം മേഖലയിൽ സെപ്റ്റിക് മാലിന്യം തള്ളിയപ്പോൾ നാട്ടുകാർ തടഞ്ഞ് പോലീസിനെ ഏൽപ്പിച്ചിരുന്നു. എന്നാൽ രാഷ്ട്രീയ സ്വാധീനം മുതലെടുത്ത് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. സെപ്റ്റിക് മാലിന്യം തള്ളി കുടിവെള്ള സ്രോതസ്സുകളും ജനവാസകേന്ദ്രങ്ങളും മലിനപ്പെടുത്തുന്നവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാനും വാഹനങ്ങള്‍ കണ്ടുകെട്ടാനും അധികാരികള്‍ തയ്യാറാകാത്തതാണ് ഇത്തരം സംഭവങ്ങൾ ആവര്‍ത്തിക്കാന്‍ കാരണമാകുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.