ചാവക്കാട്: പ്രകൃതി ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട വയനാടിനായി മത്സ്യത്തൊഴിലാളികളുടെ മക്കൾ മാത്രം പഠിക്കുന്ന പുത്തൻ കടപ്പുറം എച്ച്.എൽ.പി സ്കൂളിൽ വിദ്യാർത്ഥികൾ ധനസഹായം കൈമാറി. വിദ്യാർത്ഥികൾ സ്വരൂപിച്ച 10,049 രൂപ ചാവക്കാട് താലൂക്ക് തഹസിൽദാർ ടി.കെ ഷാജിക്ക് കൈമാറി. വിദ്യാർത്ഥികളുടെ സമ്പാദ്യപ്പെട്ടി, പിറന്നാൾ ഉടുപ്പിനായും വിനോദയാത്രക്കും വേണ്ടി മാറ്റി വെച്ച തുക എന്നിവയാണ് വിദ്യാർത്ഥികൾ വയനാടിന് വേണ്ടി സമർപ്പിച്ചത്. സ്കൂൾ ഹെഡ്മാസ്റ്റർ വി.എൻ മുഹമ്മദ് അഷറഫ്, അധ്യാപകരായ ജിഷ മാത്യു, സിമി വർഗീസ്, പി.ടി.എ പ്രസിഡന്റ് മുസ്തഫ തയ്യൽ, എം.പി.ടി.എ പ്രസിഡണ്ട് എം റസീന എന്നിവർ നേതൃത്വം നൽകി.